മുംബൈ: രാജ്യത്ത് വീടുകളിൽ പണമായും സാമ്പത്തിക ആസ്തികളായും സൂക്ഷിക്കുന്ന നിക്ഷേപം കോവിഡിനുമുമ്പുണ്ടായിരുന്ന നിലവാരത്തിനടുത്തേക്ക് കുറയുന്നതായി റിസർവ് ബാങ്ക്. 2020-’21 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വീടുകളിൽ സാമ്പത്തിക ആസ്തികളിലുള്ള നിക്ഷേപം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 10.4 ശതമാനമാണെന്നാണ് ആർ.ബി.ഐ.യുടെ കണക്ക്.

കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പാദത്തിലിത് 21 ശതമാനം വരെ എത്തിയിരുന്നു. 2019-’20 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജി.ഡി.പിയുടെ 9.8 ശതമാനമായിരുന്നു ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ.

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതും ഘട്ടംഘട്ടമായി സമ്പദ്‌വ്യവസ്ഥ സാധാരണനിലയിലേക്കു വരുന്നതും ആളുകളിൽ ഉപഭോഗം കൂടുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. ലോക്ഡൗൺ കാലത്ത് അവശ്യവസ്തുക്കൾക്കു മാത്രമായിട്ടായിരുന്നു ആളുകൾ പണം ചെലവഴിച്ചിരുന്നത്. അടിയന്തരസാഹചര്യത്തിന്റെ ഭീതിയാൽ ബാക്കി പണമായും മറ്റും വീടുകളിൽ സൂക്ഷിക്കുകയായിരുന്നു. ബാങ്കുകളിൽനിന്നും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഗാർഹിക ആസ്തികൾ ഈടായുള്ള വായ്പകൾ ഉയർന്നതായും ആർ.ബി.ഐ. വ്യക്തമാക്കുന്നു. പണം സൂക്ഷിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.