കൊച്ചി: ഗൃഹോപകരണം ഏതായാലും ഹയര്‍ എന്‍ഡ് ഇനങ്ങള്‍ വാങ്ങാനുള്ള പ്രവണത വര്‍ധിച്ചുവരുന്നതായി സര്‍വേ ഫലം. 'മാതൃഭൂമി'ക്കു വേണ്ടി നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.

ഓണക്കാലത്ത് ഷോപ്പിങ് നടത്താനൊരുങ്ങുന്ന മലയാളിയുടെ താത്പര്യങ്ങളും ആഗ്രഹങ്ങളും എന്തായിരിക്കുമെന്ന് അറിയാനായിരുന്നു സര്‍വേ. 1500-ലധികം സാമ്പിളുകള്‍ ശേഖരിച്ചു. ചോദ്യാവലി നല്‍കിയും ഇന്റര്‍വ്യു നടത്തിയുമാണ് വിവരങ്ങള്‍ തേടിയത്.

24 ഇഞ്ചില്‍ താഴെയുള്ള ടി.വി. വാങ്ങുന്നവരുടെ എണ്ണം 24 ശതമാനത്തില്‍നിന്ന് രണ്ടായി കുറയും. 34-43 ഇഞ്ച് ടി.വി.കള്‍ ഇപ്പോഴത്തെ 25 ശതമാനത്തില്‍നിന്ന് 42 ശതമാനമായി ഉയരുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 48 ഇഞ്ചിനു മുകളിലുള്ള ടി.വി. വാങ്ങുന്നവരുടെ എണ്ണവും നാലില്‍നിന്ന് ഏഴ് ശതമാനമായി വര്‍ധിക്കും.

ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ് ഇപ്പോള്‍ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇപ്പോള്‍ ഫുള്ളി ഓട്ടോമാറ്റിക് ഉള്ളവര്‍ 60 ശതമാനമാണ്. ഇത് 81 ശതമാനമായി വര്‍ധിക്കും. ഫ്രണ്ട് ലോഡിങ് ഇപ്പോള്‍ 35 ശതമാനമാണ്. ഇത് 53 ശതമാനമാകും. ഓണം വിപണിയില്‍ ഇപ്പോള്‍ത്തന്നെ ഇത്തരം ട്രെന്‍ഡുകള്‍ ദൃശ്യമാണ്.

ജ്യൂസറും കൂടിയുള്ള മിക്സര്‍ ഗ്രൈന്‍ഡറുകള്‍ക്കാണ് ഇപ്പോള്‍ ഇഷ്ടം കൂടുതല്‍. ഇപ്പോഴത്തെ 25 ശതമാനത്തില്‍നിന്ന് 52 ശതമാനമായി ഇത് ഉയരും. കൂടുതല്‍ ഈടുനില്‍ക്കുന്ന മിക്സര്‍ ഗ്രൈന്‍ഡറുകളോടാണ് താത്പര്യം കൂടുതല്‍.

onam

മൂന്ന് ബര്‍ണറുകളുള്ള ഗ്യാസ് സ്റ്റൗവുകള്‍ക്ക് പ്രിയം കൂടുന്നതായാണ് സര്‍വേ ഫലം. ഇനി വാങ്ങാനുദ്ദേശിക്കുന്നവരില്‍ 50 ശതമാനവും ഈ കാറ്റഗറിയിലാണ്. ഇപ്പോള്‍ 48.79 ശതമാനവും രണ്ട് ബര്‍ണര്‍ ഉപയോഗിക്കുന്നവരാണെങ്കിലും ഇത് 14.52 ശതമാനമായി കുറയും. മൂന്ന് ബര്‍ണര്‍ ഉള്ളവര്‍ 38.31 ശതമാനത്തില്‍നിന്ന് 47.58 ശതമാനമായി ഉയരും.

10,000-15,000 രൂപ റേഞ്ചുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് കൂടുതല്‍-39 ശതമാനം. 25,000 രൂപയില്‍ കൂടുതലുള്ളത് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ 25 ശതമാനമാണ്. മലയാളികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഓഫ്ലൈന്‍ പര്‍ച്ചേസാണ് നടത്തുന്നത്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളാണ് ഉപഭോക്താവില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതെന്നാണ് സര്‍വേ ഫലം - 43 ശതമാനം പേര്‍.

Content Highlights: Onam Shopping