തൃശ്ശൂർ: മാർച്ച് 13 മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും. 13-ന് രണ്ടാം ശനിയാഴ്ച അവധിയാണ്. 14 ഞായറാഴ്ചയും. 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്. 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15, 16 തീയതികളിൽ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും. പൊതുമേഖല ജനറൽ ഇൻഷുറസ് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറസ് ജീവനക്കാർ 17-നും എൽ.ഐ.സി. ഒാഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ 18-നും പണിമുടക്കും.