മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. 

രണ്ടുവർഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാഖകൾ, കോമൺ സർവീസ് സെന്ററുകൾ ഉൾപ്പടെയുള്ളവ സ്ഥാപിച്ചായിരിക്കും വിപുലീകരണം. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. 

നിലവിൽ 550ലേറെ ജില്ലകളിൽ ബാങ്ക് സേവനംനൽകുന്നുണ്ട്. എല്ലാ പിൻകോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഹെഡ്(കമേഴ്‌സ്യൽ ആൻഡ് റൂറൽ ബാങ്കിങ്) രാഹുൽ ശുക്ല പറഞ്ഞു.