ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന(അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ. 

പവർഗ്രിഡ്, എൻടിപിസി, ആർഇസി എന്നിവയുടെ ആസ്തികളാകും ഇതിനായി പ്രയോജനപ്പെടുത്തുക. വൈദ്യുതി വിതരണ മേഖലയിലെ നിക്ഷേപത്തിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. അഞ്ചുവർഷംകൊണ്ടായിരിക്കും തുകസമാഹരിക്കുക.

അന്തർസംസ്ഥാന വൈദ്യുതി വിതരണം, സബ് ട്രാൻസ്മിഷൻ, വിതരണശൃംഖലകൾ എന്നീ മേഖലകളിൽ കാര്യമായ നിക്ഷേപംനടത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇത് സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുന്നതോടൊപ്പം വിതരണമേഖലയിലെ വൈദ്യുതിനഷ്ടത്തിനും കാരണമാകുന്നതായി വിലയിരുത്തലുണ്ട്. 

രാജ്യത്തെ ഊർജവിതരണമേഖലയിൽ നടത്തുന്ന 3.03 കോടി രൂപയുടെ പദ്ധതിക്ക് പുറമെയായിരിക്കും നിർദിഷ്ട നിക്ഷേപം.