ന്യൂഡൽഹി: എയർകണ്ടീഷണറുകളുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സഹായപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കമ്പനികൾക്ക്്് അഞ്ചുകൊല്ലംകൊണ്ട് 6,238 കോടി രൂപയുടെ സഹായം നൽകും. അഞ്ചുവർഷത്തിൽ 1.68 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും ഈ മേഖലയിൽ ഉണ്ടാവുമെന്നാണ് കണക്കൂകൂട്ടൽ. 7920 കോടി രൂപയുടെ നിക്ഷേപം നടക്കും. നാലുലക്ഷംപേർക്ക് തൊഴിൽ ലഭിക്കും.

ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നാലുമുതൽ ആറുവരെ ശതമാനം സാമ്പത്തികസഹായമാണ് ഈ രംഗത്തുള്ള കമ്പനികൾക്ക് നൽകുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും ആഗോള, ആഭ്യന്തര കമ്പനികൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.