കൊച്ചി: കോവിഡ് എത്തിയതോടെ സംസ്ഥാനത്ത് സ്വര്‍ണ പണയം വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈയില്‍ പണം കുറഞ്ഞതോടെ സുരക്ഷിതമായ വായ്പാ മാര്‍ഗമെന്ന നിലയിലാണ് സ്വര്‍ണത്തെ ആളുകള്‍ കാണുന്നത്. സ്വര്‍ണത്തിന്റെ വില മുമ്പെങ്ങുമില്ലാത്ത വിധം കൂടിയതും സ്വര്‍ണപ്പണയത്തിന് ആവശ്യകത കൂട്ടി.

2020 ഓഗസ്റ്റില്‍ സ്വര്‍ണ വില 42,000 രൂപ വരെ എത്തിയിരുന്നു. ഇത് സ്വര്‍ണപ്പണയ വിഭാഗത്തില്‍ വലിയ നേട്ടമായിട്ടുണ്ടെന്നാണ് ധനകാര്യ സ്ഥാപനങ്ങളും പറയുന്നത്. ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെയും സ്വര്‍ണപ്പണയത്തില്‍ കോവിഡ് കാലത്ത് വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എല്‍.ബി.സി.) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകള്‍ വഴി 54,244.3 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് വിതരണം ചെയ്തത്. ഏതാണ്ട് 39.60 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം (2019-20) 45,221.85 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്ത സ്ഥാനത്താണിത്. ഏകദേശം 20 ശതമാനത്തോളമാണ് പൊതുമേഖലാ ബാങ്ക് ശാഖകളുടെ സ്വര്‍ണപ്പണയത്തിലുണ്ടായ വര്‍ധന.

സ്വകാര്യ ബാങ്കുകള്‍ 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 16,682.34 കോടി രൂപ സ്വര്‍ണപ്പണയ വായ്പ നല്‍കി. 2019-20-ല്‍ സമാന കാലയളവില്‍ 12,933.72 കോടി രൂപ നല്‍കിയ സ്ഥാനത്താണിത്. മൊത്തം 29 ശതമാനം വര്‍ധനയാണ് സ്വകാര്യ മേഖലയിലെ വായ്പാ വിതരണത്തില്‍ രേഖപ്പെടുത്തിയത്.

table

എന്‍.ബി.എഫ്.സി.ക്കും നേട്ടം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണ പണയ വായ്പകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20-25 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍നിര എന്‍.ബി.എഫ്.സി.യായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണപ്പണയ വായ്പയില്‍ 2020 ജനുവരി-ജൂണ്‍ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സമാന കാലയളവില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. വായ്പകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സ്വര്‍ണപ്പണയത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സ്വര്‍ണ വിലയിലുണ്ടായ കുതിപ്പ് സ്വര്‍ണപ്പണയത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷവും വര്‍ധന പ്രകടമാണെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വില കുറവായതിനാല്‍ വലിയൊരു മുന്നേറ്റം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.