കൊച്ചി: 24 കാരറ്റ് സ്വർണക്കട്ടികൾക്ക് ഏർപ്പെടുത്തിയ ഉറവിടത്തിൽ നിന്നുള്ള നികുതി (ടി.സി.എസ്.) ഒക്‌ടോബർ ഒന്നിന് നിലവിൽ വരും. ഇത് പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് സ്വർണ വ്യാപാര മേഖല.

ബുള്ളിയൻ വ്യാപാരികളെ മാത്രമല്ല, ജൂവലറികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

സ്വർണക്കട്ടിക്ക് 0.1 ശതമാനം ഉറവിടത്തിൽ നിന്നുള്ള നികുതി നൽകണമെന്നാണ് വ്യവസ്ഥ. ടി.സി.എസ്. പ്രാബല്യത്തിൽ വരുന്നതോടെ സ്വർണക്കട്ടി ബാങ്കിൽനിന്ന് വാങ്ങുമ്പോൾ ഉണ്ടാകുന്ന ലാഭത്തേക്കാൾ കൂടുതൽ വ്യാപാരികൾ നികുതി അടയ്ക്കേണ്ടതായി വരും. അതായത്, 53 ലക്ഷം രൂപയ്ക്ക് ഒരു കിലോഗ്രാം തങ്കം വാങ്ങുകയാണെങ്കിൽ കിട്ടുന്ന പരമാവധി ലാഭം 2,650 രൂപയാണ് (0.05 ശതമാനം). ഇതിന് 30 ശതമാനം (795 രൂപ) നികുതി കൂടി അടയ്ക്കണം.

അതേസമയം, 53 ലക്ഷത്തിന് 0.1 ശതമാനം ഉറവിട നികുതിയായി അടയ്ക്കേണ്ടി വരുന്നത് 5,300 രൂപയാണ്.

ഈ രീതിയിൽ മിക്ക ബുള്ളിയൻ വ്യാപാരികളും യഥാർത്ഥ നികുതി നൽകേണ്ടതിനെക്കാൾ കൂടുതൽ നികുതി ടി.സി.എസ്. ആയി നൽകേണ്ടി വരും. ഇത് പ്രവർത്തന മൂലധനം തടസ്സപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടി.സി.എസ്. പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യ ജെംസ് ആൻഡ് ജൂവലറി കൗൺസിൽ (ജി.ജെ.സി.) ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിട്ടുണ്ട്.

1,000 കോടി രൂപയുടെ വില്പന നടത്തുന്ന ഒരു ബുള്ളിയൻ വ്യാപാരിയുടെ പ്രവർത്തന മൂലധനത്തിൽ പ്രതിവർഷം ശരാശരി 67.50 ലക്ഷം രൂപയുടെ വിടവ് ടി.സി.എസ്. വരുന്നതോടെ ഉണ്ടാകുമെന്നാണ് ഇന്ത്യൻ ബുള്ളിയൻ ജൂവലേഴ്‌സ് അസോസിയേഷൻ പറയുന്നത്.

ടി.സി.എസ്. ക്രെഡിറ്റ് ലഭ്യമാണെങ്കിലും, നികുതി ബാധ്യത കുറവാണെങ്കിൽ റീഫണ്ടിനായി അപേക്ഷിക്കേണ്ടി വരുന്നതിനാൽ ഇത് ഉദ്ദേശ്യത്തെ നിറവേറ്റില്ല.ആദായനികുതി അധികാരികൾ വിലയിരുത്തൽ നടത്തിയ ശേഷമായിരിക്കും റീഫണ്ട് ക്ലെയിമുകൾ റിലീസ് ചെയ്യുക. ഇതിന് മൂന്നു വർഷം വരെ സമയമെടുക്കും.