റിലയന്‍സുമായുള്ള ഇടപാട് നടക്കാതെവന്നാല്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്ന് കമ്പനി. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതിയെയാണ് ഫൂച്ചര്‍ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.

സ്ഥാപനം പൂട്ടിയാല്‍ 29,000ത്തോളം പേരുടെ ഉപജീവനമാര്‍ഗം നഷ്ടമാകുമെന്നും കമ്പനി പ്രതിനിധികള്‍ ആര്‍ബിട്രേഷനെ അറിയിച്ചിട്ടുണ്ട്. 

ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുത്ത റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു. 

യുഎസ് കമ്പനിയായ ആമസോണ്‍ കഴിഞ്ഞവര്‍ഷം ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ അഞ്ചുശതമാനം ഓഹരിയും ലഭിച്ചു. അന്നത്തെ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് ഇടപാടെന്ന് ചൂണ്ടിക്കാണിച്ചാണ് ആമസോണ്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേഷനെ സമീപിച്ചത്. 

അതേസമയം, ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആര്‍ബിട്രേഷന്‍ നിയമങ്ങളും പാലിച്ചിട്ടുണ്ട്. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയന്‍സ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Future Retail sees liquidation if Reliance deal fails