മുംബൈ: ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിനു കീഴിലുള്ള മൂന്നു കമ്പനികൾ ലയിപ്പിക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന കമ്പനി ബോർഡ് യോഗത്തിൽ തീരുമാനമായേക്കും. ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ, ഫ്യൂച്ചർ റീട്ടെയിൽ, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊലൂഷൻസ് എന്നിവ ലയിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്.

ലയനം പൂർത്തിയായാൽ പുതിയ കമ്പനിയിൽ റിലയൻസ് ഇൻഡസ്ട്രീസ് 8500 കോടിരൂപ നിക്ഷേപിക്കുമെന്നാണ് സൂചന. ഇതുവഴി കമ്പനിയിൽ 50 ശതമാനം ഓഹരികളാകും റിലയൻസ് ഇൻഡസ്ട്രീസിനു ലഭിക്കുക.

റിലയൻസിന്റെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുക ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടബാധ്യതകൾ തീർക്കാൻ വിനിയോഗിക്കും. നിലവിൽ ഫ്യൂച്ചർ റീട്ടെയിലിൽ ഇ-കൊമേഴ്സ് വമ്പനായ ആമസോണിന് 9.9 ശതമാനം ഓഹരികളുണ്ട്.

ലയനത്തിനെതിരായ നിലപാടിൽ ആമസോൺ അയവു വരുത്തിയിട്ടുണ്ട്. ഫ്യൂച്ചർഗ്രൂപ്പിനെ സംബന്ധിച്ച് ഇടപാട് എത്രയുംവേഗം പൂർത്തിയാക്കേണ്ടതുണ്ട്. വായ്പാ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31-ന് അവസാനിക്കും. അപ്പോഴേക്കും കുടിശ്ശിക തീർക്കേണ്ടതുണ്ട്.