കോഴിക്കോട്: തപാൽ വഴിവന്ന സന്ദേശം വിശ്വസിച്ച മുൻ ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് മുക്കാൽക്കോടി രൂപ. സൈബർ പോലീസെടുത്ത കേസിൽ അന്വേഷണം കോവിഡ് കാരണം വഴിമുട്ടിയിരിക്കയാണ്.

മലാപ്പറമ്പ് സ്വദേശിയുടെ വീട്ടിലേക്ക് ഒരു സ്പീഡ് പോസ്റ്റ് വന്നു. നോക്കിയപ്പോൾ ഓൺലൈൻ ഷോപ്പിങ് സൈറ്റായ നാപ്‌റ്റോളിൽ നിന്നുള്ള കത്ത്. നിങ്ങൾ കൂടുതൽ സാധനങ്ങൾ നാപ്‌റ്റോളിൽനിന്ന് വാങ്ങിയതിനാൽ സ്‌ക്രാച്ച് ആൻഡ്‌ വിന്നിലൂടെ വലിയൊരു തുക ലോട്ടറി അടിച്ചിട്ടുണ്ടെന്ന് കത്തിൽ. ഉടൻ തന്നെ ‘നാപ്‌റ്റോ’ളിൽ നിന്നെന്ന് പറഞ്ഞ് ഫോണും വന്നു. ടാക്സ് അടയ്ക്കുകയാണെങ്കിൽ ഈ തുക നിങ്ങൾക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം.

ഇത് വിശ്വസിച്ച് ഇദ്ദേഹം വിവിധ അക്കൗണ്ടിലേക്ക് പലതവണയായി 75 ലക്ഷം രൂപ നൽകി. എന്നാൽ സമ്മാനത്തുക ലഭിച്ചില്ല. തുടർന്ന് നാപ്‌റ്റോൾ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഇവർ തിരിച്ചറിഞ്ഞതെന്ന് സൈബർ പോലീസ് പറഞ്ഞു.

ഡൽഹി, ബംഗാൾ, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പോലീസിന് കിട്ടിയ വിവരം. എന്നാൽ കോവിഡ് കാലമായതിനാൽ അവിടെ പോവാൻ സാധിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കയാണ്.

ശ്രദ്ധിക്കേണ്ടത്

• ലഭിക്കുന്ന ഇ-മെയിലുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക

• പരിചയമില്ലാത്തവരോട് ഓൺലൈൻ സൗഹൃദം ഒഴിവാക്കുക

• വ്യാജവെബ്‌സൈറ്റുകളെ സൂക്ഷിക്കുക

• പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുക

• സംശയമുള്ള വെബ്‌സൈറ്റുകൾ കാണുമ്പോഴോ ഫോൺകോളുകളോ മെസെജുകളോ വരുമ്പോഴൊ സൈബർ പോലീസിലോ സൈബർ ഡോമിലോ വിവരമറിയിക്കുക