പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്‌ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് രണ്ടാംഘട്ടമായി 2,962 കോടി രൂപ ഉടനെ തിരിച്ചുലഭിക്കും. 

ഏപ്രിൽ 12ഓടെ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കുമെന്നാണറിയുന്നത്. ഏപ്രിൽ ഒമ്പതിലെ എൻഎവി(നെറ്റ് അസറ്റ് വാല്യു)അനുസരിച്ചുള്ള തുകയായിരിക്കും ലഭിക്കുക. തിരിച്ചുനൽകുന്ന നടപടികൾക്ക് എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്. 

ഇതിനകം 9,122 കോടി രൂപ ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് തിരിച്ചുനൽകിയിരുന്നു. 2020 ഏപ്രിൽ 23നാണ് വില്പന സമ്മർദത്തെതുടർന്ന് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഫ്രാങ്ക്‌ളിൻ ടെംപിൾടൺ തീരുമാനിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് ഈ സമയത്ത് ആറുഫണ്ടുകളിലായി ഉണ്ടായിരുന്നത്.