ന്യൂഡൽഹി: കൽക്കരി ക്ഷാമത്തിന് പ്രധാനമായും നാല് കാരണങ്ങളാണ് കേന്ദ്ര കൽക്കരി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. കൽക്കരിയുടെ ആവശ്യത്തിലുണ്ടായ ക്രമാതീതമായ വർധന, കോവിഡിന്റെ രണ്ടാം തരംഗത്തിനുശേഷം സാമ്പത്തികരംഗത്തുണ്ടായ പുനരുദ്ധാരണം മൂലം വർധിച്ച ഊർജാവശ്യം, കൽക്കരിഖനി മേഖലകളിലുണ്ടായ കാലവർഷം, ഇറക്കുമതി കൽക്കരിയുടെ വിലവർധന.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള സാമ്പത്തിക പുനരുദ്ധാരണ നടപടികൾ കൽക്കരിയുടെ ആവശ്യം വൻതോതിൽ വർധിപ്പിച്ചു. വൈദ്യുതിയുടെ പ്രതിദിന ഉപയോഗം 400 കോടി യൂണിറ്റായി വർധിച്ചു.

2019 ഓഗസ്റ്റ്-സെപ്റ്റംബറിൽ വൈദ്യുതി ഉപയോഗം 10,660 കോടി യൂണിറ്റായിരുന്നു. ഈ വർഷം അത് 12,400 കോടി യൂണിറ്റായി. ഇക്കാലയളവിൽ കൽക്കരിയുടെ ഉത്പാദനം 61.91 ശതമാനത്തിൽനിന്ന് 66.35 ശതമാനമായി വർധിച്ചു. എന്നാൽ, ഇക്കാലയളവിൽ ഉപയോഗം 18 ശതമാനം വർധിച്ചു.

ആഗോളതലത്തിലും കൽക്കരിയുടെ വില കൂടി. ഇറക്കുമതിച്ചെലവും വൻതോതിൽ കൂടി. ഇക്കഴിഞ്ഞ മാർച്ചിൽ ഇൻഡൊനീഷ്യൻ കൽക്കരിയുടെ വില ടണ്ണിന് 60 ഡോളറായിരുന്നെങ്കിൽ സെപ്റ്റംബർ-ഒക്ടോബറിൽ അത് 160 ഡോളറായി. ഇറക്കുമതി കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്‌പാദനം 2019-ലേതിൽനിന്ന് ഈ വർഷം 43.6 ശതമാനം കുറവുണ്ടായി. ഇറക്കുമതി കൽക്കരിയുടെ ക്ഷാമം ആഭ്യന്തര കൽക്കരിക്ക് 17.4 ശതമാനം ആവശ്യം വർധിക്കാൻ ഇടയാക്കി. ആഭ്യന്തര ഉത്‌പാദനം പല കാരണങ്ങളാൽ കുറഞ്ഞതോടെ പ്രതിസന്ധിയായി.

ഇന്ത്യയാണ് കൽക്കരിയുടെ വലിയ രണ്ടാമത്തെ ഇറക്കുമതി രാജ്യം. ലോകത്ത് രണ്ടാമത്തെ കൽക്കരി ഉത്‌പാദകരും ഉപയോക്താവുമാണ്. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കൽക്കരി ശേഖരമുള്ളതും ഇന്ത്യയിൽത്തന്നെ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇൻഡൊനീഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി.

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയാണ് ഇന്ത്യയിലെ ആഭ്യന്തര കൽക്കരി നിർമാണത്തിൽ 80 ശതമാനവും ഉത്‌പാദിപ്പിക്കുന്നത്. ഇന്ത്യയിലെ കൽക്കരി വില നിശ്ചയിക്കുന്നതും കോൾ ഇന്ത്യയാണ്. കൽക്കരിയുടെ വിലവർധന വൈദ്യുതി വിലവർധനയെയും പണപ്പെരുപ്പത്തെയും ബാധിക്കും.