കൊച്ചി: പതിവായി കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ചെല്ലാനത്തെ ക്ലീറ്റസ്, കൊച്ചിയിലെ ഇടത്തരം ഹോട്ടലില്‍ ഊണിനൊപ്പം വാങ്ങിയ പൊരിച്ച അയലയുടെ വില 60 രൂപ. ക്ലീറ്റസ് അന്തംവിട്ടു. 

ഈ വലിപ്പമുള്ള ഒരു അയലയ്ക്ക് തനിക്കുകിട്ടുന്നത് ശരാശരി ആറു രൂപ. ബാക്കി 54 രൂപ പോയവഴിയേത്?

അയലയുടെ കച്ചവടം പോകുന്നത് ഇങ്ങനെ:
വന്‍കിട കച്ചവടക്കാര്‍ ലേലമുറപ്പിച്ചുകഴിയുമ്പോള്‍ ഒരു ഇടത്തരം അയലയ്ക്ക് ആറോ ഏഴോ മത്സ്യതൊഴിലാളിക്ക് കിട്ടും. ലേലംകൊണ്ട വന്‍കിടക്കാര്‍, 10-11 രൂപയ്ക്ക് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കും. ചെറുകിട കച്ചവടക്കാര്‍ ചന്തയിലെ വില്‍പ്പനക്കാര്‍ക്ക് കൊടുക്കുന്നത് 15-16 രൂപയ്ക്ക്. ചന്തയില്‍നിന്ന് ഹോട്ടലുകാര്‍ വാങ്ങുന്നത് 19-20 രൂപയ്ക്ക്. 

ഇതാണ് 60 രൂപയ്ക്ക് പൊരിച്ച മീനായി ക്ലീറ്റസിന് കിട്ടിയത്(ചെറിയ ഹോട്ടലുകളില്‍ കുറേക്കൂടി ചെറിയ വിലയ്ക്കുകിട്ടും. വിലയ ഹോട്ടലുകളില്‍ വില ഇനിയും കൂടും)

കേരളത്തിലെ എല്ലാ കടപ്പുറത്തിന്റെയും നഗരത്തിന്റെയും നില ഇതാണ്. കടലില്‍പോയി മീന്‍പിടിച്ചുകൊണ്ടുവരുന്ന തൊഴിലാളിക്ക് കരയിലെത്തിയാല്‍ എത്രയും പെട്ടെന്ന് അത് വിറ്റേ മതിയാകൂ. സൂക്ഷിക്കാന്‍ അവര്‍ക്ക് സംവിധാനമൊന്നുമില്ല. 

മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്ലാന്റിന്റെ നടത്തിപ്പ്, തൊഴിലാളികളുടെ കൂലി, കടത്തുകൂലി തുടങ്ങിയവയാണ് വന്‍കിട, ചെറുകിട കച്ചവടക്കാരുടെ ചെലവ്. 

തറവാടകയും തൊഴിലാളികളുടെ കൂലിയും മറ്റും ചന്തകളിലെ കച്ചവടക്കാര്‍ക്കു ചെലവ് വരുന്നു. വാടക, തൊഴിലാളികളുടെ കൂലി, പാചകത്തിന് ആവശ്യമായ വസ്തുക്കളുടെ വില, തുടങ്ങിയവയാണ് ഹോട്ടലുകാരുടെ ചെലവ്. 

ചെലവെല്ലാം കണക്കാക്കിയാലും ഇടനിലക്കാരും കച്ചവടക്കാരും നേടുന്ന ലാഭത്തിന്റെ ചെറിയൊരംശംപോലും വരില്ല, മത്സ്യത്തൊഴിലാളിക്ക് കിട്ടുന്ന അധ്വാനത്തിന്റെ വില.