ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടി(ഇപിഎഫ്)ന്റെ 2020-21 സാമ്പത്തികവർഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടിൽ ഉടനെ വരവുവെച്ചേക്കും. 8.5ശതമാനം പലിശതന്നെ ഈവർഷവും നൽകാൻ കഴിഞ്ഞ മാർച്ചിൽ ഇപിഎഫ്ഒ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ധനമന്ത്രാലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു.  

പിപിഎഫ് ഉൾപ്പടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ നിലവിലെ പലിശയുമായി താരതമ്യംചെയ്യുമ്പോൾ വലിയ വ്യത്യാസമുള്ളതിനാലാണ് ധനമന്ത്രാലം ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ടത്. വരിക്കാർക്ക് 8.5ശതമാനം പലിശനൽകാൻ കഴിയുമെന്ന വിശദീകരണമാണ്‌ ഇപിഎഫ്ഒ നൽകിയതെന്നറിയുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം 70,300 കോടി രൂപയുടെ വരുമാനമാണ് ഇപിഎഫ്ഒക്ക് ലഭിച്ചത്. ഇക്വിറ്റി നിക്ഷേപത്തിൽനിന്ന് ലാഭമെടുത്തതിലൂടെ 4,000 കോടിയും ഡെറ്റ് നിക്ഷേപത്തിൽനിന്ന് 65,000 കോടിയുമാണ് ലഭിച്ചത്. വരിക്കാർക്ക് 8.5ശതമാനം പലിശ നൽകിയാലും 300 കോടി രൂപ അധികമായുണ്ടാകും. മുൻവർഷം ഈതുക 1000 കോടിയായിരുന്നു. 

ഡെറ്റ് നിക്ഷേപത്തിൽനിന്ന് വരുമാനം കുറഞ്ഞെങ്കിലും ഓഹരിയിൽനിന്ന് മികച്ച ആദായംനേടാനായതാണ് മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതൽ പലിശനൽകാൻ ഇപിഎഫ്ഒക്കായത്.