കൊച്ചി: ശതകോടീശ്വരൻമാരുടെ ക്ലബിൽ ഇടംപിടിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഫാമിലി ബിസിനസ് എന്ന പുതിയൊരു സാമ്പത്തിക സേവന മേഖല കൂടി കേരളത്തിൽ ചുവടുറപ്പിക്കുന്നു. 

അതിസമ്പന്നരായ വ്യക്തികളോ കുടുംബങ്ങളോ സ്വത്ത് കൈകാര്യം ചെയ്യുന്നതിനായി ആശ്രയിക്കുന്ന സംവിധാനമാണ് ഫാമിലി ഓഫീസുകൾ. ധനവും സ്വത്തും സംരക്ഷിക്കുകയും വളർച്ച ഉറപ്പാക്കുകയും  വരുംതലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഫാമിലി ഓഫീസുകൾ ഉറപ്പാക്കുന്നു. 

100 കോടിയോ അതിനുമുകളിലോ നിക്ഷേപിക്കാവുന്ന ആസ്തികളുള്ളവർക്കാണ് സാധാരണഗതിയിൽ ഫാമിലി ഓഫീസുകൾ പ്രയോജനപ്പെടുക. 7000 കോടിയോ അതിലേറെയോ ആസ്തിയുള്ളവർക്കേ സ്വന്തം ആവശ്യത്തിനുമാത്രമായി സിങ്കിൾ ഫാമിലി ഓഫീസ് (എസ് എഫ്ഒ) സ്ഥാപിച്ച് വീടുമായി ബന്ധപ്പെട്ട് അനേകം ജീവനക്കാരെ നിയോഗിക്കാൻ കഴിയൂ. 

എന്നാൽ ദശലക്ഷങ്ങളുടെ ആസ്തിയുള്ളവർക്കും അവരുടെ ആവശ്യത്തിനനുസൃതമായി മൂന്നാം കക്ഷിയെ മൾട്ടി ഫാമിലി ഓഫീസ് (എംഎഫ്ഒ) സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും. ഇങ്ങനെയുള്ളവർ അവരുമായി ബന്ധമില്ലാത്ത മറ്റുകുടുംബങ്ങളുമായി സേവനങ്ങൾ പങ്കുവെക്കുകയാണ് ചെയ്യുക. 

ഇത്തരം എംഎഫ്ഒ കൾ ഉപയോഗിക്കുന്നതിലൂടെ വിദഗ്ധരുടെ സംഘത്തിന്റെ പക്കൽനിന്ന് സാമ്പത്തിക കാര്യങ്ങളിൽ നിർദ്ദേശങ്ങളും ഉന്നത നിലവാരത്തിലുള്ള ഉപദേശവും നേടാൻകഴിയും. കൂടുതൽ ദശലക്ഷങ്ങളോ അതിലധികമോ നിക്ഷേപ ആസ്തി കൈവരുന്നതോടെ അതി സമ്പന്നരായ സംരംഭകരും കുടുംബങ്ങളും പ്രത്യേക വിഭാഗത്തിൽപെട്ട ആന്തരിക എസ്എഫ്ഒ സംവിധാനം പ്രയോജനപ്പെടുത്തുകയും പ്രത്യേക സേവനങ്ങൾ പുറമേയുള്ള ഏജൻസികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്യാറുണ്ട്.

ഇന്ത്യയിൽ നൂറോളം സിങ്കിൾ ഫാമിലി ഓഫീസുകളും (എസ് എഫ് ഒ) 112 മൾട്ടി ഫാമിലി ഓഫീസുകളും (എംഎഫ്ഒ) ഇന്ത്യയിലുണ്ട്. വരുംവർഷങ്ങളിൽ എണ്ണം ഇനിയും വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. എന്നാൽ പല അതി സമ്പന്ന വ്യക്തികളും കുടുംബങ്ങളും സിംഗിൾ ഫാമിലി ഓഫീസിനുപകരം മറ്റുസേവനങ്ങൾക്കൊപ്പം ഫാമിലി ഓഫീസ് സേവനങ്ങളും നൽകുന്ന അസെറ്റ് മേനേജർമാർ, സ്വതന്ത്ര ഉപദേഷ്ടാക്കൾ എന്നിവരെയാണ് ആശ്രയിക്കുന്നത്. 

ഫാമിലി ഓഫീസുകൾ ഇക്വിറ്റിയിലും കടപ്പത്രങ്ങളിലുമാണ് ആദ്യമൊക്കെ നിക്ഷേപിച്ചിരുന്നത്. ഇവ ഇന്നും പോർട്ഫോളിയോയുടെ പ്രധാനഭാഗമാണെങ്കിലും പ്രൈവറ്റ് ഇക്വിറ്റി, ഹെഡ്ജ് ഫണ്ട്, വെഞ്ച്വർ കാപിറ്റൽ തുടങ്ങിയ  ആസ്തികളിലേക്കും ശ്രദ്ധതിരിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഫാമിലി ഓഫീസുകളുടെ ആകർഷകമായ നിക്ഷേപ ആസ്തികളിലൊന്നാണ്. നിർമ്മിത ബുദ്ധി പോലുള്ള നവ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചുകൊണ്ട് പരമ്പരാഗത കുടുംബങ്ങൾ കാലത്തിനൊത്ത് നീങ്ങുകയാണ്. 

ഇന്ത്യയുടെ കോർപറേറ്റ് സംസ്‌കാരത്തിൽ നാടകീയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രാദേശിക ഭീമന്മാരുടെ സ്വകാര്യ സ്വത്തുക്കൾ സംരക്ഷിക്കാനും പുതുകാല സാമ്പത്തിക സംരംഭങ്ങളിൽ പണംനിക്ഷേപിച്ച് കാലത്തിനൊപ്പംനിൽക്കാനും ഫാമിലി ഓഫീസുകൾ അവരെ സഹായിക്കുന്നുണ്ടെന്ന് കേരളത്തിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ച ഇന്ത്യയിലെ മുൻനിര ഫാമിലി ഓഫീസായ വാട്ടർഫീൽഡ് അഡൈ്വസേഴ്സിന്റെ കേരള ഹെഡും വൈസ് പ്രസിഡണ്ടുമായ അരുൺ പോൾ പറയുന്നു. 

80 അതിസമ്പന്ന കുടുബങ്ങളുടെ 4 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തികളാണ് വാട്ടർഫീൽ അഡൈ്വസേഴ്സ് കൈകാര്യം ചെയ്യുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വാട്ടർഫീൽഡ് മുംബൈ, ചെന്നൈ, ഡെൽഹി, ബംഗളൂരു, ഹൈദരാബാദ്, പൂനെ, കൊൽക്കൊത്ത, കോയമ്പത്തൂർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലും സേവനംനൽകിവരുന്നു.