മൂഹ മാധ്യമ രംഗത്ത് റീബ്രാന്‍ഡ് ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. അടുത്തയാഴ്ചയോടെ പേര് മാറ്റുമെന്നാണ് സൂചന. സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിലൊന്നാണ് ഫേസ്ബുക്ക്. 2021 ലെ കണക്കുകള്‍ പ്രകാരം നിലവില്‍ ഫേസ്ബുക്കിന് 190 കോടി ആക്ടീവ് യൂസേഴ്‌സുണ്ട്. പ്രതിമാസം 290 കോടിയാളുകളിത് ഉപയോഗിക്കുന്നു. 

ഒക്ടോബര്‍ 28 ന് നടക്കുന്ന കമ്പനിയുടെ കോണ്‍ഫറന്‍സിലായിരിക്കും പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. എന്നാല്‍ ഇതിനും മുമ്പേ പേര് മാറ്റമുണ്ടായേക്കുമെന്ന വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ ബിസിനസ് സമ്പ്രദായങ്ങളില്‍ യുഎസ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന പരിശോധന നേരിടുന്ന സമയത്താണ് പേര് മാറ്റത്തിന് കമ്പനി തയ്യാറെടുക്കുന്നത്.  

ജനങ്ങളെ വെര്‍ച്വല്‍ ലോകത്ത് പരസ്പരം സംവദിക്കാന്‍ അവസരമൊരുക്കുന്ന മെറ്റാവേഴ്‌സ് എന്ന് വിപ്ലവകരമായ മാറ്റത്തിലേക്കാണ് ഫേസ്ബുക്കും ചുവട് വെയ്ക്കാനൊരുങ്ങുന്നത്. വാര്‍ത്തയോട് ഇതുവരെ ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നാണ് കമ്പനി അറിയിച്ചത്.

ഇതിനോടകം തന്നെ ഫേസ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഓഗ്മെന്റ്ഡ് റിയാലിറ്റി (ഒ.ആര്‍) എന്നീ നൂതനസാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മെറ്റാവേഴ്‌സിന് കൂടുതല്‍ ബലമേകാനായി യൂറോപ്യന്‍ യൂണിയനില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 തൊഴിലവസരം സൃഷ്ടിക്കാനാണ് പദ്ധതി. ജൂലൈ മുതലാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റാവേഴ്‌സ് എന്ന പദത്തെ കുറിച്ചുള്ള സംസാരങ്ങള്‍ക്ക് തുടക്കമിട്ടത്. 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡിസ്റ്റോപിയന്‍ നോവലിലാണ് മെറ്റാവേഴ്‌സ് എന്ന പദമാദ്യം ഉപയോഗിക്കുന്നത്. ടെക് ഭീന്മാരായ മൈക്രോസോഫ്റ്റും മറ്റും ഈ പദത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അംഗത്വം നല്‍കിയിരുന്ന ഫേസ്ബുക്ക് ഇന്ന് ആഗോളതലത്തിലേറെ ശ്രദ്ധയാകര്‍ഷിച്ച സമൂഹ മാധ്യമം കൂടിയാണ്. 

Content Highlights: facebook to rebrand, soon to change its name