കൊച്ചി: കോവിഡ്-19 പ്രതിസന്ധി നേരിടുന്നതിനുള്ള ആശ്വാസ നടപടികളുടെ ഭാഗമായി ആരംഭിച്ച ഇ.പി.എഫ്. ആനുകൂല്യം തുടരും. കൊറോണക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാർക്ക് ഇ.പി.എഫ്. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പിൻവലിക്കാൻ അവസരം നൽകിയത്. കോവിഡ് ഭീതി തുടരുന്ന കാലത്തോളം ഈ ആനുകൂല്യവും തുടരും.

2020 നവംബർ വരെയുള്ള കണക്കെടുത്താൽ കേരളത്തിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് പി.എഫ്. പിൻവലിച്ചത്. 383 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ പിൻവലിച്ചിട്ടുള്ളത്. രാജ്യത്ത് മൊത്തം ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഏകദേശം 50 ലക്ഷത്തോളമാണ്. 20,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം പിൻവലിച്ചിട്ടുണ്ട്.

നോൺ റീഫണ്ടബിൾ അഡ്വാൻസ് എന്ന നിലയിൽ മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ഇ.പി.എഫ്. സ്കീമിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാർക്കും പി.എഫ്. നിക്ഷേപം പിൻവലിക്കാവുന്നതാണ്. ഇതിനായി ഒരു തരത്തിലുള്ള രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.