വാരാന്ത്യത്തിൽ ട്വിറ്ററിൽ ഒരു പോൾ പോസ്റ്റുചെയ്തതിനുപിന്നാലെ ടെസ് ലയുടെ 110 കോടി ഡോളർ(8200 കോടി രൂപ) മൂല്യമുള്ള ഓഹരികൾ ഇലോൺ മസ്‌ക് വിറ്റു. 

നികുതി ഒഴിവ് നേടുന്നതിനായി ടെസ് ലയുടെ 10ശതമാനം ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങൾ പിന്തുണക്കുമോ?  എന്നായിരുന്നു മസ്‌കിന്റെ ട്വിറ്ററിലെ ചോദ്യം. ലഭിച്ച 35 ലക്ഷം വോട്ടുകളിൽ 58ശതമാനത്തോളം പേർ അനുകൂലിച്ചു. നിമിഷനേരംകൊണ്ട് അദ്ദേഹം ഓഹരികൾ കയ്യൊഴിയുകയുംചെയ്തു. 

9,30,000 ഓഹരികളാണ് അദ്ദേഹം വിറ്റതെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നൽകിയ റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്. ടെസ് ലയിൽ 23ശതമാനം ഓഹരി വിഹിതമാണ് മസ്‌കിനുണ്ടായിരുന്നത്. 

2012ൽ ലഭിച്ച കരാറുകളുടെ കാലാവധി അടുത്തവർഷം ഓഗസ്റ്റിൽ തീരാനിരിക്കെയാണ് ഓഹരി വിൽപന. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ് ലയുടെ ഓഹരികളാണ്. കമ്പനിയിൽനിന്ന് ശമ്പളമായി പണമൊന്നും ലഭിക്കുന്നില്ല. 

വെള്ളിയാഴ്ച പുറത്തുവിട്ട മൂന്നാം പാദഫലത്തിൽ റെക്കോഡ് ലാഭം പ്രഖ്യാപിച്ചതിനുപിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ 40ശതമാനം കുതിപ്പുണ്ടായിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരമായ 1,229.91 ഡോളറിൽ ഓഹരി വിലയെത്തുകയുംചെയ്തു. 

ലോക കോടീശ്വരപട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള മസ്‌കിന് നിലവിൽ 300 ബില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരു ലക്ഷം കോടി ഡോളറിലധികം വിപണിമൂല്യമുള്ള ലോകത്തിലെ ഏറ്റവുംവലിയ കാർ കമ്പനിയായാണ് ടെസ് ല.