ടെസ് ലയുടെ സ്ഥാപകനും സ്‌പേസ് എക്‌സിന്റെ സിഇഒയും ശതകോടീശ്വരനമായ ഇലോൺ മസ്‌ക് അവസാനത്തെ വീടുകൂടി വിറ്റൊഴിയുന്നു. 

സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിലെ ഒരുവീടുമാത്രമെ തന്റെ സ്വന്തമായുള്ളൂ എന്ന് ട്വിറ്ററിൽ കുറിച്ച് ഒരാഴ്ചക്കുശേഷമാണ് ആ വീട് വിൽക്കുന്നകാര്യവും പ്രഖ്യാപിച്ചത്. 

അമേരിക്കയിലെ കോടീശ്വരന്മാരായ മസ്‌ക്, ജെഫ് ബെസോസ്, വാറൻ ബഫെറ്റ് എന്നിവർ ഉൾപ്പടെയുള്ളവരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് വാർത്താ വെബ്‌സൈറ്റായ പ്രോപബ്ലിക്ക ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. 

റിപ്പോട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുശേഷം ബേ ഏരിയയിലെ വീടൊഴികെയുള്ള വീടുകൾ വിറ്റതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇപ്പോൾ അവസാനത്തെ വീടും വിറ്റൊഴിയുകയാണ് അദ്ദേഹം. 

പിന്നെ എവിടെയാണ് മസ്‌ക് താമസിക്കുന്നത്? സൗത്ത് ടെക്‌സാസിലെ വീദൂര ബീച്ചായ ബോക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ ഉമടസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. 

സ്‌പേസ് എക്‌സ് കമ്പനിയുമായി ഒരുവർഷംമുമ്പാണ്  ശാന്തതീരമായ ബോക ചിക്കയിൽ അദ്ദേഹമെത്തുന്നത്. മാർച്ചിൽ അതിനെ സ്റ്റാർബേസ് എന്ന് പുനർനാമകരണംചെയ്യുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. 

സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിനായി ടെക്‌സാസിൽ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന്റെ തരിക്കിലാണ് അദ്ദേഹമിപ്പോൾ.