ലോക കോടീശ്വരന്മാരുടെ വ്യക്തിഗത സമ്പത്തില്‍ റെക്കോഡ് വര്‍ധന. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായി 200 ബില്യണ്‍ ഡോളര്‍ മറികടന്നു. 

ജെഫിന്റെ മുന്‍ഭാര്യയായ മെക്കന്‍സി ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വനിതയുമായി. 66.2 ബില്യണ്‍ ഡോളറാണ് മെക്കന്‍സിയുടെ സമ്പത്ത്. തൊട്ടുപിന്നിലുള്ളത് ലാ ഓറിയലിന്റെ ഫ്രാന്‍കോയിസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സ് ആണ്. 

ടെസ് ലയുടെ ഓഹരിയില്‍ ബുധനാഴ്ച കുതിപ്പുണ്ടായതിനെതുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ ആസ്തി 101 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിലാണ് ഈവിവരങ്ങളുള്ളത്. 

മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 124 ബില്യണ്‍ ഡോളറാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേത് 115 ബില്യണുമാണ്. ഇതോടെ 100 ബില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായി. 

ടെക് കമ്പനികളുടെ കുതിപ്പില്‍ എസ്ആന്‍ഡ്പി 500, നാസ്ദാക്ക് സൂചികകള്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. ഹ്രസ്വകാല പലിശ നിരക്ക് പൂജ്യത്തില്‍ നിലനിര്‍ത്താനുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്.