കൊച്ചി: ഓണമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണര്‍വ് കാണുന്നത്.

ടെലിവിഷന്‍, വാഷിങ് മെഷിന്‍, റഫ്രിജറേറ്റര്‍, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും വാങ്ങാന്‍ തിരക്കാരംഭിച്ചതായി വ്യാപാരികള്‍ പറയുന്നു. ഉപഭോക്താക്കള്‍ക്കായി ഓഫറുകളും ഡിസ്‌കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തവണ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയില്‍ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ടെക്നോളജി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് പുതുതലമുറക്കാരെയാണ്. ഇവരാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. ഓരോ ഉത്പന്നത്തെക്കുറിച്ചും മുന്‍കൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്.

ഓണക്കാല വില്‍പ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിര്‍ണായകമായതിനാല്‍, ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് അവരുടെ വരവ്.

കൂടുതല്‍ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകള്‍. വീട്ടില്‍ത്തന്നെ തിയേറ്റര്‍ അനുഭവം പ്രദാനം ചെയ്യുന്നതാണിതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

സിനിമ, ലൈവ് മത്സരങ്ങള്‍ എന്നിവയും ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ക്ക് താത്പര്യം ഏറിയിട്ടുണ്ട്. വലിപ്പം മാത്രമല്ല, ബ്രാന്‍ഡ്, വാറന്റി, വില്‍പ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകള്‍ എന്നിവയും ആളുകള്‍ പരിഗണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറന്റിയും കാഷ്ബാക്കും മറ്റ് ഓഫറുകളും നല്‍കുന്നുണ്ട്. റഫ്രിജറേറ്ററിലും വലിപ്പം ഒരു ഘടകമായിക്കഴിഞ്ഞു. കൂടുതല്‍ ടെക്നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് താത്പര്യം കൂടിയിരിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവര്‍, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകള്‍ ആളുകള്‍ വാങ്ങിയിരുന്നതെങ്കിലും ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളും ആളുകള്‍ നോക്കുന്നുണ്ട്. സ്റ്റാര്‍ റേറ്റിങ്, ബ്രാന്‍ഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്.

മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാന്‍ മാത്രമാണ് മിക്കവരും ഓവന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇതു മാറിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളുള്ള ഇനങ്ങള്‍ തേടി ഉപഭോക്താക്കള്‍ എത്തുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Electronic products to conquer Onam market