മദ്യരാജാവ് വിജയ് മല്യയുടെ ഫ്രാന്‍സിലെ 14.35 കോടി മൂല്യമുള്ള ആസ്തികള്‍ക്കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
ഫോഷ് അവന്യു 32ലെ വസ്തുവാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ നടപടി.
2016 ജനുവരിയില്‍ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്.
മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ആറാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നവംബര്‍ രണ്ടിന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. യു.യു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകന്‍ ഇ.സി അഗര്‍വാല ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയും ചെയ്തിരുന്നു.
ED seizes Vijay Mallya's assets worth Rs 14.35 crore in France