മുംബൈ: ഓൺലൈൻ വിപണിക്കുവേണ്ടിയുള്ള പരിഷ്കരിച്ച കരടുനയം ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ആഭ്യന്തരവ്യാപാരികളെ സംരക്ഷിക്കുന്നവിധം ഓൺലൈൻ വിപണിയിലെ ഓഫറുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതായിരിക്കും പരിഷ്കരിച്ച നയത്തിലെ പ്രധാന നിർദേശം. കന്പനികൾ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ തദ്ദേശീയമായ സെർവറുകളിൽ സൂക്ഷിക്കണമെന്ന നിർദേശവും ഇതിലുണ്ടെന്നാണ് വിവരം. ഓഫറുകളും ഫ്ളാഷ് സെയിലുകളും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കാൻ ആഭ്യന്തരവ്യാപാരികളും സംഘടനകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു.

വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര കരടുനയം അടുത്തദിവസം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുനടപ്പാക്കുന്നതിനുള്ള സമയപരിധി ഇനിയും തീരുമാനിച്ചിട്ടില്ല. പുതിയനയം നിലവിലുള്ള ചില ഓൺലൈൻ കന്പനികളുടെ ബിസിനസ് മോഡലിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. ഓൺലൈനിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിടവ്യാപാരികൾക്ക് ഇൻസെൻറീവ് അനുവദിക്കുന്ന പദ്ധതിയും ഇതിലുൾപ്പെടുത്തിയേക്കും. കൂടാതെ അൺലിമിറ്റഡ് ഓഫറുകൾ, ഫ്ളാഷ് സെയിൽ തുടങ്ങിയവയ്ക്ക് നയത്തിൽ കൃത്യമായ നിർവചനം കൊണ്ടുവരും.

ഉത്പന്നം ഏതുരാജ്യത്ത് നിർമിച്ചതെന്ന് രേഖപ്പെടുത്തും

ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നതാണെന്ന് രേഖപ്പെടുത്തുമെന്ന് ഇ-കൊമേഴ്സ് കന്പനികൾ സർക്കാരിനെ അറിയിച്ചു. ഈ രംഗത്ത് മുൻനിരയിലുള്ള ആമസോണും ഫ്ളിപ്കാർട്ടും ഇതിനായി ജൂലായ് വരെ സമയംചോദിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്പന്നം ഇപ്പോൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ചൈനയിൽനിർമിച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാനും അവർക്ക് താത്പര്യമില്ലെങ്കിൽ ഒഴിവാക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്പന്നങ്ങൾ ചേർക്കുന്പോൾ ഇക്കാര്യം ഉൾപ്പെടുത്താൻ എളുപ്പമാണെങ്കിലും നിലവിലുള്ളവയിൽ ചേർക്കുക ശ്രമകരമാണെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇതിന് കൂടുതൽസമയം വേണ്ടിവരും. ഘടകങ്ങൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും കന്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.