തൃശ്ശൂർ: കാലഹരണപ്പെട്ട അനലോഗ് ട്രാൻസ്മിറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക്‌ ദൂരദർശൻ ചുവടുമാറുന്നു. പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനമനുസരിച്ചാണിത്.

ലോകത്തെ വലിയ പ്രക്ഷേപണ ചാനലുകളിലൊന്നായ ദൂരദർശന്റെ വിവിധ നിലയങ്ങളിൽനിന്ന്‌ സംപ്രേഷണങ്ങളുണ്ടാവില്ല. ഇനി ഏകീകൃത സംപ്രേഷണമായിരിക്കും. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദർശൻ ചാനലുകളുടെയും സംപ്രേഷണം.

രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകൾ 2018-ൽ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും ഹൈപവർ ട്രാൻസ്മിറ്ററുകൾ കഴിഞ്ഞ ഒക്ടോബറിലും നിർത്തി. തൃശ്ശൂർ കേന്ദ്രത്തിന്റെ കീഴിലുള്ള ഷൊർണൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നീ കേന്ദ്രങ്ങളിലെ ലോ പവർ ട്രാൻസ്മിറ്ററുകൾ 31-ന് പൂട്ടും. എന്നാൽ, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ പ്രൊഡക്‌ഷൻ സെന്ററുകൾ തുടരും.

തൃശ്ശൂരും കോഴിക്കോടുമുള്ള റെക്കോഡിങ് സ്റ്റുഡിയോകളിൽ റെക്കോഡ് ചെയ്യുന്ന പരിപാടികൾ ഇനി തിരുവനന്തപുരത്തുനിന്നാണ് സംപ്രേഷണം ചെയ്യുകയെന്ന് ദൂരദർശൻ തൃശ്ശൂർ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി.എസ്. ദേവദാസ് പറഞ്ഞു.

കേബിൾ ടി.വി.യും ഡിഷ് ആന്റിനയും പ്രചാരത്തിലായതോടെ പുരപ്പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിനകൾ ആളുകൾ ഉപയോഗിക്കാതെയായി. എന്നിട്ടും ദൂരദർശൻ കേന്ദ്രങ്ങളിൽ ട്രാൻസ്മിറ്ററുകൾ പ്രവർത്തിച്ചിരുന്നു.