കൊച്ചി: നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പ്രമുഖ ബ്രാന്‍ഡിംഗ് ഏജന്‍സിയായ ഓര്‍ഗാനിക് ബിപിഎസ് സംഘടിപ്പിച്ച ആദ്യ പര്‍പ്പസ് റൗണ്ട് ടേബിളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്ന ഉന്നതമായ ഉദ്ദേശ്യങ്ങളുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇനിയുള്ള കാലത്ത് നിലനില്‍പ്പുണ്ടാവുകയുള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് സാരഥികളും വിദ്ഗധരുമാണ് പര്‍പ്പസ് റൗണ്ട് ടേബിളില്‍ പങ്കെടുത്തത്.
ലാഭം ബിസിനസിന്റെ ഉപോത്പ്പന്നം മാത്രമായാണ് താന്‍ കാണുന്നതെന്ന് ദുബായില്‍ നിന്ന് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സിഎംഡി ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു. കുറച്ചുകാലം മുമ്പ് മുംബൈയില്‍ വെച്ച് പരിചയപ്പെട്ട കൊറിയര്‍ ബിസിനസ് ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ആസ്റ്റര്‍ വളണ്ടിയേഴ്സ് എന്ന സന്നദ്ധസേവകരുടെ കൂട്ടായ്മ ആരംഭിക്കാന്‍ തനിയ്ക്ക് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ആ കൊറിയര്‍ കമ്പനിയുടെ 270 ജീവനക്കാരില്‍ മുഴുവന്‍പേരും കേള്‍വി-സംസാര പരിമിതിയുള്ളവരായിരുന്നു. അതായിരുന്നു ആ ചെറുപ്പക്കാരന്റെ പര്‍പ്പസ്. ആരോഗ്യരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ സാധാരണസമയത്ത് 50% ശേഷി മാത്രം വിനിയോഗിക്കപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ രോഗനിര്‍ണയസംവിധാനങ്ങളുടെ ഉപയോഗിക്കാതെ പോകുന്ന ശേഷി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് വലിയ ഇളവോടെ നല്‍കിയത് ചുറ്റുപാടുമുള്ള വൈദ്യസമൂഹത്തിന്റെയും ആസ്റ്റര്‍ ടീമംഗങ്ങളുടേയും കാഴ്ച്ചപ്പാടിലും ദീര്‍ഘകാലം കൊണ്ട് ഗ്രൂപ്പിന്റെ പ്രവര്‍ത്തനമികവിലുമുണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹം അനുസ്മരിച്ചു. സമൂഹമാധ്യമങ്ങള്‍ അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുന്ന ഇക്കാലത്ത് ബ്രാന്‍ഡുകള്‍ ഉത്തരവാദിത്തം പുലര്‍ത്തിയേ മതിയാകൂ.
സമുദായസേവനം വെറും സ്പോണ്‍സര്‍ഷിപ്പല്ലെന്ന് സ്പെയിനിലെ ബാര്‍സലോണയില്‍ നിന്ന് റൗണ്ട് ടേബിളില്‍ പങ്കെടുത്ത ഐജിസിഎടി (ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോണമി, കള്‍ച്ചര്‍, ആര്‍ട്സ് ആന്‍ഡ് ടൂറിസം) പ്രസിഡന്റും ഗ്യാസ്ട്രോണമി അവാര്‍ഡ്സ് സഹസ്ഥാപകയുമായ ഡോ ഡെയാന്‍ ഡോഡ് പറഞ്ഞു. പല ബിസിനസ്സുകാരും പരിസ്ഥിതിയെ പരിഗണിക്കുന്നില്ല. എന്നാല്‍ പുതിയ തലമുറ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാണ്. പരിസ്ഥിതിയെ പരിഗണിക്കാത്തവരെ അവരും പരിഗണിക്കില്ല. ഇത് ബിസനസ്സുകളുടെ വിശ്വാസതകര്‍ച്ചയ്ക്ക് കാരണമാകും.
സമൂഹതാല്‍പ്പര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന പര്‍പ്പസ് ഇല്ലെങ്കില്‍ നമുക്ക് നിലനില്‍പ്പ് തന്നെയില്ലെന്ന കാര്യം മറക്കരുതെന്ന് ഇക്യൂബ് ഇന്‍വെസ്റ്റ്മെന്റസ് അഡൈ്വസേര്‍ ഡോ മുകുന്ദ് രാജന്‍ ഓര്‍മിപ്പിച്ചു. പ്രോഫിറ്റും പര്‍പ്പസും വേര്‍പെടുത്താനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതിയേയും സമൂഹത്തേയും പരിഗണിക്കുന്ന ഇഎസ്ജി മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹയര്‍ പര്‍പ്പസ് ഉള്ള സ്ഥാപനങ്ങളിലേയ്ക്കു മാത്രമേ ഇനിയുള്ള കാലത്ത് നിക്ഷേപങ്ങള്‍ എത്തുകയുള്ളുവെന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ചുറ്റുമുള്ള സമുദായത്തിന്റേയും പൊതുവായ പൊരുത്തമാണ് പര്‍പ്പസെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും എച്ച് ആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് പ്രസിഡന്റുമായ റുസ്ബെ ഇറാനി പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ പര്‍പ്പസ് അതിന്റെ ജീവിതകാലയളവില്‍ ചിലപ്പോള്‍ മാറിയെന്നു വരും, എന്നാല്‍ മൂല്യങ്ങള്‍ എക്കാലത്തേയ്ക്കുമുള്ളതാണ്. ബ്രാന്‍ഡുകള്‍ നിറവേറ്റുന്ന അടിസ്ഥാനപരമായ താല്‍ക്കാലിക ആവശ്യങ്ങളേക്കാള്‍ അവയുടെ ആത്യന്തികമായ ഉദ്ദേശ്യങ്ങളെയാണ് പുതിയ തലമുറ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ ബ്രാന്‍ഡ് സ്റ്റോറികള്‍ പറയുന്നതാകും ഇനിയുള്ള കാലത്തിന്റെ കമ്യൂണിക്കേഷന്‍ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തെയും പരിസ്ഥിതിയേയും കണക്കിലെടുക്കുന്ന ബിസിനസ് ലീഡര്‍മാര്‍ക്കു മാത്രമേ സ്ഥാപനങ്ങളെ പ്രസ്ഥാനങ്ങളാക്കാന്‍ കഴിയുവെന്ന് റൗണ്ട് ടേബിളിന്റെ മോഡറേറ്ററായിരുന്ന ഗ്രോത്ത് മള്‍ട്ടിപ്ലെയറും മെന്ററുമായ വി കെ മാധവ് മോഹന്‍ പറഞ്ഞു. ഓര്‍ഗാനിക് ബിപിഎസിന്റെ ഇരുപത്തൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തുടക്കമിട്ട സെന്റര്‍ ഫോര്‍ ഹയര്‍ പര്‍പ്പസ് ഇന്‍ ബിസിനസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഓര്‍ഗാനിക് ബിപിഎസ് സ്ഥാപകനും ബ്രാന്‍ഡ് മെന്ററുമായ ദിലീപ് നാരായണന്‍ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ യുഎന്‍ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നുന്ന ഒരു പര്‍പ്പസ് ചാര്‍ട്ടര്‍ ഉണ്ടാക്കുകയാണ് സെന്ററിന്റെ ആദ്യപടി.
2020 ഡിസംബര്‍ 1ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജോണ്‍ മുത്തൂറ്റ്, ജോര്‍ജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നാണ് സെന്റര്‍ ഫോര്‍ ഹയര്‍ പര്‍പ്പസ് ഇന്‍ ബിസിനസ് ഉദ്ഘാടനം ചെയ്തത്.