ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറയുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

115.5 ട്രില്യണ്‍ രൂപമൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയിലാകട്ടെ ഇത് 131.9 ട്രില്യണ്‍ ആയിരുന്നു. 12.5 ശതമാനമാണ് കുറവ്.

ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും കുറവുണ്ട്. 1.09 ബില്യണ്‍ ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണായിരുന്നു. 

ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്(യുപിഐ), ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉള്‍പ്പടെയുള്ള ഇടപാടുകളുടെ കണക്കാണിത്. 

അതേസമയം, യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ ഫെബ്രുവരിയില്‍ കാര്യമായ വര്‍ധനയുണ്ടായി. 171.2 മില്യണ്‍ ഇടപാടുകളാണ് നടന്നത്. ജനുവരിയിലെ എണ്ണത്തില്‍നിന്ന് 13 ശതമാനമാണ് വര്‍ധന. ഇടപാടുകളുടെ മൊത്തം മൂല്യത്തില്‍ 23 ശതമാനവുമാണ് വര്‍ധനയുണ്ടായിരിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഭിം ആപ്പ് ആന്‍ഡ്രോയ് പ്ലാറ്റ്‌ഫോമില്‍ ഇതുവരെ 23.8 മില്യണിലധികം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഐഒഎസിലാകട്ടെ 1.17 മില്യണുമാണ് ഡൗണ്‍ലോഡ്.