മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകൾ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 വ്യാജ കമ്പനികളുടെപേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി. അറിയിച്ചു.

ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാൽ മിർച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡി.എച്ച്.എഫ്.എൽ. ഉടമ കപിൽ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയിൽ ഒരുഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതായും ഇ.ഡി. യുടെ റിപ്പോർട്ടിലുണ്ട്.

വർളിയിൽ അഞ്ച് കടലാസ് കമ്പനികളുടെ പേരിൽ ഇഖ്ബാൽ മിർച്ചിയുടെ മൂന്നു വസ്തുക്കൾ വാധാവൻ വാങ്ങിയിട്ടുണ്ട്. രേഖകളിൽ ഇതിന് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായിൽ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കമ്പനികൾക്ക് ഡി. എച്ച്.എഫ്.എൽ. വായ്പ നൽകിയിരുന്നു. ക്രമവിരുദ്ധമായി നൽകിയ ഈ വായ്പയുടെ ഒരു ഭാഗം ഇഖ്ബാൽ മിർച്ചിക്ക്‌ നൽകിയതാണെന്നും ഇ.ഡി. കരുതുന്നു. വർളിയിൽ നിയമവിരുദ്ധമായി ഇഖ്ബാൽ മിർച്ചി സ്വന്തമാക്കിയ ഈ വസ്തുക്കൾ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി വഴിയാണ് വാധാവൻ വാങ്ങിയത്.

ഫെയ്ത്ത് റിയൽറ്റേഴ്‌സ്, മാർവെൽ ടൗൺഷിപ്പ്, ഏബിൾ റിയൽറ്റി, പോസിഡോൺ റിയൽറ്റി, റാൻഡം റിയൽറ്റേഴ്‌സ് എന്നിവയ്ക്കായി 2010-11 വർഷങ്ങൾക്കിടയിൽ 1,500 കോടി രൂപയുടെ വായ്പ ഡി.എച്ച്.എഫ്.എൽ. നൽകിയതായി കാണുന്നു. 2019 ജൂലായ് വരെ ഈ വായ്പ ഡി.എച്ച്.എഫ്.എൽ. ബുക്കിലുണ്ട്. പലിശയടക്കം ഇത് 2186 കോടിയായി. വായ്പ നൽകുന്ന സമയത്ത് ഇതിന് ഈടുകളൊന്നും വാങ്ങിയിട്ടില്ലെന്നും ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.