മുംബൈ: നിക്ഷേപ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നൽകാൻ മൊറട്ടോറിയത്തിലുള്ള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന് കീഴിലുള്ള നിക്ഷേപ ഇൻഷുറൻസ്, വായ്പാ ഗാരന്റി കോർപ്പറേഷന്റെ (ഡി.ഐ.സി.ജി.സി.) നിർദേശം. കേരളത്തിലെ അടൂർ സഹകരണ അർബൻ ബാങ്കടക്കം 21 സഹകരണ ബാങ്കുകളാണ് ഇത്തരത്തിലുള്ളത്.

പുതിയ നിയമ പ്രകാരം 90 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബർ 15-നകം കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.ഒക്ടോബർ 15-നകം ആദ്യപട്ടിക കൈമാറണം. ഇൻഷുറൻസ് പരിരക്ഷ കൈപ്പറ്റുന്നതിനുള്ള സമ്മതപത്രം ഇവരിൽനിന്ന് വാങ്ങണം. ഇതുൾപ്പെടെ 2021 നവംബർ 29 വരെയുള്ള ഇവരുടെ മൂലധനവും പലിശയും ഉൾപ്പെടുത്തി അന്തിമ പട്ടിക നവംബർ 29-നകം നൽകണം. ഇതുലഭിച്ച് ഒരു മാസത്തിനകം തുക കൈമാറുമെന്നാണ് ഡി.ഐ.സി.ജി.സി. അറിയിച്ചിട്ടുള്ളത്.കഴിഞ്ഞമാസമാണ് നിക്ഷേപ ഇൻഷുറൻസ്, വായ്പാ ഗാരന്റി കോർപ്പറേഷൻ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. ഇതനുസരിച്ച് ആർ.ബി.ഐ. മൊറട്ടോറിയം ഏർപ്പെടുത്തിയാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇൻഷുറൻസ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്ന് നിർദേശിക്കുന്നു. സെപ്റ്റംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിലായി. നിർദിഷ്ട 90 ദിവസ കാലാവധി നവംബർ 30-ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഡി.ഐ.സി.ജി.സി. നിർദേശം വന്നിരിക്കുന്നത്.

രാജ്യത്താകെ 21 സഹകരണ ബാങ്കുകളാണ് ആർ.ബി.ഐ.യുടെ മൊറട്ടോറിയം പരിധിയിലുള്ളത്. ഇതിൽ 11 എണ്ണം മഹാരാഷ്ട്രയിൽനിന്നും അഞ്ചെണ്ണം കർണാടകയിൽനിന്നുമാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഓരോന്നുവീതമാണുള്ളത്. 2019 സെപ്റ്റംബറിൽ വായ്പാ തിരിമറിയെത്തുടർന്ന് പ്രതിസന്ധിയിലായ പി.എം.സി. ബാങ്കാണ് ഇതിൽ ഏറ്റവും വലുത്.ഈ ബാങ്കുകളിലെ അക്കൗണ്ടുടമകളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും.

ഇവരിൽ നിക്ഷേപമുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷയായി പരമാവധി അഞ്ചുലക്ഷം രൂപ ലഭിക്കുക. 27 വർഷത്തിനുശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി കേന്ദ്രസർക്കാർ വർധിപ്പിച്ചത്. 2020 ഫെബ്രുവരി നാലിന് ഇതു പ്രാബല്യത്തിലായി. 100 രൂപയുടെ നിക്ഷേപത്തിന് ബാങ്ക് 12 പൈസയാണ് പ്രീമിയമായി നൽകേണ്ടത്. ഇത് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ പാടില്ല.