മാതൃഭൂമി മാക്‌സഡ് വെബ്ബിനാര്‍ പരമ്പരയില്‍ ജൂലൈ 19 നു നടന്ന മൂന്നാമത്തെ സെഷനില്‍ പരസ്യ വിപണിയില്‍ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെയെയും പുതിയ സാധ്യതകളെയും കുറിച്ച് ചര്‍ച്ച നടന്നു. പ്രശസ്ത സിനിമ സംവിധായകനും അഡ്വെര്‍ടൈസിംഗ് സൃഷ്ടാവുമായ ദീപു അന്തിക്കാടായിരുന്നു മുഖ്യ അതിഥി. വെബ്ബിനാറിന്റെ റെക്കോര്‍ഡിങ് യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.

മഹാമാരിയുടെ കാലത്തു ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവ സൃഷ്ടിക്കുന്ന ആകാംക്ഷകളും അവരുടെ ജീവന ശൈലിയിലും ഷോപ്പിംഗ് ഇഷ്ടാനിഷ്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ പ്രവണതകള്‍ മനസ്സിലാക്കി പരസ്യങ്ങള്‍ തയ്യാറാക്കാന്‍ ബ്രാന്‍ഡുകളും പരസ്യ നിര്‍മാതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

പരസ്യ കമ്പനികള്‍ വിദൂരത്തുള്ള ടെക്നിക്കല്‍ ടീമിനെ ഉപയോഗിച്ച് പരസ്യചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള പുതിയ രീതികള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും ഇത് വഴി വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ പരസ്യ പ്രക്രിയയില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ വിദൂര പ്രവര്‍ത്തനം പരസ്യചിത്രങ്ങള്‍ വിഭാവനം ചെയ്യാനുള്ള സംഘത്തിന്റെ സര്‍ഗാത്മ ചിന്താശക്തിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് തരണം ചെയ്യുകയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്നും ദീപു ചോദ്യോത്തര വേളയില്‍ പറഞ്ഞു. ഇമേജസ് ആഡ് ഫിലിംസ് എന്ന കമ്പനിയുടെ സഹ സ്ഥാപകനായ ദീപു ഇരുപത്തിയഞ്ചു വര്‍ഷത്തിലധികമായി കേരളത്തിലെ പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Content highlights : deepu anthikad is talk about advertising crisis on maxed webinar series