തൃപ്രയാർ: സ്വകാര്യസ്ഥാപനങ്ങളുടെ വായ്പക്കുരുക്കിലകപ്പെട്ട വീട്ടമ്മമാർ കടുത്ത സമ്മർദ്ദത്തിൽ. തിരിച്ചടവ് തെറ്റിയതോടെ സ്ഥാപന പ്രതിനിധികളുടെ സമ്മർദ്ദം താങ്ങാനാവാത്ത അവസ്ഥയിലാണ് ഇവർ. അഞ്ചും ആറും പേരടങ്ങുന്ന മൈക്രോ ഫിനാൻസ് ഗ്രൂപ്പുണ്ടാക്കിയാണ് സ്ഥാപനങ്ങൾ ഈടില്ലാതെ വായ്പ നൽകുന്നത്.

ആധാർ കാർഡിന്റെ പകർപ്പ് മാത്രമാണ് കമ്പനിക്ക് നൽകേണ്ടത്. ഒരു ഗ്രൂപ്പിന് രണ്ടുലക്ഷം രൂപ വരെ വായ്പ നൽകും. വായ്പ ലഭിക്കുന്നവർ കമ്പനി പറയുന്ന ഏതെങ്കിലും ഉത്പന്നം വാങ്ങണം. ഇതിന്റെ വില കഴിച്ചുള്ള തുകയാണ് വായ്പയെടുക്കുന്ന വീട്ടമ്മമാർക്ക് ലഭിക്കുക.

ആഴ്ചയിൽ ആയിരം രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. ഇതിന് കമ്പനി പ്രതിനിധികൾ വീട്ടിലെത്തും. കോവിഡ്കാരണം അടച്ചുപൂട്ടൽ വന്നപ്പോൾ മാത്രമാണ് തിരിച്ചടവിൽനിന്ന് ഇവരെ ഒഴിവാക്കിയത്. ലോക്ഡൗൺ പിൻവലിച്ചതോടെ പിരിവും തുടങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് വായ്പ എടുത്തിട്ടുള്ളത്. ചെറിയ ജോലി ഉള്ളവർ, ഭർത്താക്കൻമാരുടെ തൊഴിൽകൊണ്ട് കുടുംബം പുലർത്തുന്നവർ എന്നിവർ ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ വന്ന് മണിക്കൂറുകളോളം സമ്മർദ്ദം ചെലുത്തി പണം പിരിച്ചെടുക്കുന്നതാണ് പുതിയ രീതി. ആളുകളുടെ മുന്നിൽ അപമാനിക്കപ്പെടുമെന്ന് മാത്രമല്ല, തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലുമാണിവർ. വീട്ടിലും കടയിലും മണിക്കൂറുകളോളം ഇരിക്കുക, പരിഹസിക്കുക എന്നിവയും വായ്പ നൽകിയവരുടെ രീതിയാണ്. ജനപ്രതിനിധികൾക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വായ്പയെടുത്ത വീട്ടമ്മമാർ പറയുന്നു.