മുംബൈ: ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് 2018 ഏപ്രിൽ ആറിലെ ഉത്തരവുകാണിച്ച് സേവനങ്ങൾ തടയരുതെന്ന് ബാങ്കുകൾക്ക് ആർ.ബി.ഐ. നിർദേശം. 2020 മാർച്ചിലെ സുപ്രീംകോടതി ഉത്തരവോടെ ഈ സർക്കുലർ അസാധുവായെന്ന് വ്യക്തത വരുത്തിയാണ് പുതിയ നിർദേശം വന്നിരിക്കുന്നത്.

സുപ്രീംകോടതിവിധി വന്നെങ്കിലും ഇക്കാര്യത്തിൽ ആർ.ബി.ഐ. വ്യക്തത വരുത്താതിരുന്നതിനാൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ തുടരാനാകില്ലെന്നാണ് ബാങ്കുകൾ അറിയിച്ചിരുന്നത്. മാത്രമല്ല, ഇടപാടുകൾ തുടർന്നാൽ അക്കൗണ്ട് റദ്ദാക്കുന്നതുൾപ്പെടെ നടപടിയെടുക്കുമെന്നും ബാങ്കുകൾ ഇടപാടുകാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

വെർച്വൽ കറൻസി വഴിയുള്ള ഇടപാടുകളിലെ പണം അന്തിമമായി ആരുപയോഗിക്കുന്നുവെന്നത് ബാങ്കുകൾ പരിശോധിക്കണമെന്നും ആർ.ബി. ഐ. ഇതോടൊപ്പം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് കള്ളപ്പണം വെളുപ്പിക്കൽ തടയൽ, തീവ്രവാദത്തിനു പണമെത്തിക്കൽ തടയൽ, വിദേശവിനിമയ നിയമങ്ങൾ തുടങ്ങിയവ പാലിക്കുന്നുവെന്ന് ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. ഫലത്തിൽ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദപ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നതിനും സേവനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ചുമതലയിലായി.

ക്രിപ്റ്റോ കറൻസികൾ കേന്ദ്രബാങ്കുകൾ അംഗീകരിച്ചിട്ടില്ല. വികേന്ദ്രീകൃതരീതിയിലാണ് ഇതിന്റെ കൈമാറ്റങ്ങൾ. അതുകൊണ്ടുതന്നെ അവസാനം ആരുപയോഗിക്കുന്നുവെന്നത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇക്കാരണത്താൽ നിലവിലെ സ്ഥിതി തുടരുമെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന സൂചന. അല്ലെങ്കിൽ ക്രിപ്റ്റോ ഇടപാടുവഴിയെത്തുന്ന പണം ആരുപയോഗിക്കുന്നു എന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ ഏറ്റെടുക്കണം. അതും എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തൽ.