മുംബൈ: ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകളുമായി ബാങ്കുകൾ. വിർച്വൽ കറൻസിയിൽ ഇടപാടുകൾ തുടർന്നാൽ അക്കൗണ്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്.

എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉൾപ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് റിസർവ് ബാങ്കിന്റെ 2018 - ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയിൽ വഴി അറിയിപ്പുനൽകിയിരിക്കുന്നത്.

വിർച്വൽ കറൻസി ഇടപാടുകൾ ആർ.ബി.ഐ. അടുത്തുള്ള ബാങ്ക് ശാഖയിൽ എത്തി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാണ് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ നിർദേശം. ഇതിൽ വീഴ്ചയുണ്ടായാൽ അക്കൗണ്ടിലെ ഇടപാടുകൾ നിയന്ത്രിക്കുമെന്നും പറയുന്നു.

വിർച്വൽ കറൻസി ഇടപാടിലെ വെല്ലുവിളികളിൽ കരുതലുണ്ടാകണമെന്ന് നിർദേശിച്ചാണ് എസ്.ബി.ഐ.യുടെ അറിയിപ്പ്. വിർച്വൽ കറൻസി പ്ലാറ്റ്ഫോമുകളിൽ എസ്.ബി.ഐ. കാർഡ് ഉപയോഗിച്ചാൽ കാർഡ് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റിസർവ് ബാങ്ക് ഉത്തരവ് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ആർ.ബി.ഐ. പുതിയ ഉത്തരവിറക്കുകയോ നിലവിലുള്ളത് പരിഷ്കരിക്കുകയോ ചെയ്തിട്ടില്ല‍. ഇതുമൂലമുള്ള അവ്യക്തത നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ നിയമസാധുതയില്ലാത്ത ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങളിൽനിന്നു വിട്ടുനിൽക്കാനാണ് ബാങ്കുകളുടെ തീരുമാനം.

ഇന്ത്യയിലെ പ്രധാന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് നൽകിയിരുന്ന സേവനങ്ങൾ പിൻവലിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഉപഭോക്താക്കൾക്ക് അറിയിപ്പു നൽകിയിരിക്കുന്നത്. ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശങ്ങളാണ് സുപ്രധാനമെന്നും സുപ്രീംകോടതി വിധി വന്നെങ്കിലും ആർ.ബി.ഐ. ഉത്തരവ് തിരുത്തിയിട്ടില്ലെന്നും ബാങ്കധികൃതർ ചൂണ്ടിക്കാട്ടുന്നു. ആർ.ബി.ഐ. ഉത്തരവിൽ മാറ്റം വരുത്തുന്നതുവരെ അത് പിന്തുടരാനാണ് ബാങ്കുകളുടെ തീരുമാനമെന്നറിയുന്നു.