മുംബൈ: വന്‍തോതില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് ജിഎസ്ടി വകുപ്പ് ക്രിപ്‌റ്റോകറന്‍സി സേവനദാതാക്കളായ വാസിര്‍എക്‌സില്‍നിന്ന് പിഴയും പലിശയും ഉള്‍പ്പടെ 49.20 കോടി ഈടാക്കി. രാജ്യത്തെ ഏറ്റവുംവലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സ് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. 
 
രൂപയിലും സ്വന്തം ക്രിപ്‌റ്റോകറന്‍സിയായ വിആര്‍എക്‌സിലുമാണ് വാസിര്‍എക്‌സ് സേവനത്തിന് നിരക്ക് ഈടാക്കിയിരുന്നത്. വാങ്ങുന്നവരില്‍നിന്നും വില്‍ക്കുന്നവരില്‍നിന്നും രൂപയിലാണെങ്കില്‍ 0.2ശതമാനവും വിആര്‍എക്‌സിലാണെങ്കില്‍ 0.1ശതമാനവുമായിരുന്നു കമ്മീഷന്‍.
 
ട്രേഡിങ് കമ്മീഷന്‍, ഡെപ്പോസിറ്റ് ഫീസ്, പിന്‍വലിക്കല്‍ ഫീസ് എന്നിവയ്ക്ക് സേവനനിരക്ക് ഈടാക്കിയിരുന്നുവെങ്കിലും രൂപയില്‍ ഈടാക്കിയിരുന്ന ഇടപാടിനുള്ള കമ്മീഷനുമാത്രമാണ് ജിഎസ്ടി അടച്ചിരുന്നത്. വിആര്‍എക്‌സില്‍ നടത്തിയ ഇടപാടുകള്‍ക്ക് ജിഎസ്ടി നല്‍കിയിരുന്നില്ല. 
 
ഇടപാട് ഫീസിന് 18ശതമാനം ജിഎസ്ടി പ്രകാരം 40.5കോടി രൂപയാണ് നല്‍കേണ്ടയിരുന്നത്. ഡിസംബര്‍ 30വരെയുള്ള പലിശയും പിഴയുമള്‍പ്പടെ 49.2 കോടി രൂപയാണ് ഈടാക്കിയതെന്ന് നികുതി വകുപ്പ് അറിയിച്ചു. നികുതിവെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. 
 
അതേസമയം, നികുതിവെട്ടിപ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യവസ്ഥകളിലെ വ്യാഖ്യാനത്തിലുള്ള അവക്തതമൂലമാണ് നികുതി കണക്കാക്കുന്നതില്‍ വ്യത്യാസംവന്നതെന്നും വാസിര്‍എക്‌സ് പ്രതിനിധി അറിയിച്ചു. 
 
ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഗെയിം, എന്‍എഫ്ടി തുടങ്ങിയ മേഖലകളിലെ നികുതി വെട്ടിപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയിലെ ജിഎസ്ടി അന്വേഷണസംഘം.