തൃശൂർ: കല്യാൺ ജൂവലേഴ്‌സ് തൃശൂർ അമല ആശുപത്രിയുമായിചേർന്ന് 200 കോവിഡ് രോഗികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിതർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാൺ ജൂവലേഴ്‌സ് മാറ്റിവെച്ചിരിക്കുന്നത്.

അമല ആശൂപത്രിയുടെ ഐസിയുവിൽ ചികിത്സയിലിരിക്കുന്ന 20 രോഗികൾക്കും വാർഡിൽ ചികിത്സയിലിരിക്കുന്ന 180 രോഗികൾക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് അവരുടെ ചികിത്സാചെലവിൻറെ ഒരു നിശ്ചിത ശതമാനമാണ് കല്യാൺ ജൂവലേഴ്‌സ് നൽകുക.

മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അർഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് പിന്തുണ നൽകുവാൻ തയ്യാറായ കല്യാൺ ജൂവലേഴ്‌സ് മാനേജ്‌മെൻറിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ പറഞ്ഞു.