രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിന് ഈടാക്കുന്നത് വൻതുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് ആശുപത്രികൾ വാങ്ങുന്നത്. 

വാക്‌സിൻ കുത്തിവെപ്പിനായി രജിസ്റ്റർചെയ്യേണ്ട കോവിൻ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരിൽനിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വർധന. 

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സ്വകാര്യ ആശുപത്രികൾ 700-900 രൂപയാണ് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനാകട്ടെ 1,250-1,500 രൂപയാണ് നൽകേണ്ടിവരുന്നത്. രാജ്യത്ത് നിർമിക്കുന്ന രണ്ട് വാക്‌സിനുകൾക്ക് ഇരട്ടിയിലേറെ വിലവ്യത്യാസമാണുള്ളത്.

അപ്പോളോ, മാക്‌സ്, ഫോർട്ടിസ്, മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലകളാണ് വൻതോതിൽ വാക്‌സിൻ ശേഖരിച്ച് കുത്തിവെപ്പ് നടത്തുന്നത്. 

ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോവീഷീൽഡിനും കോവാക്‌സിനും 250 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾവഴി പൊതുജനങ്ങളിൽനിന്ന് ഈടാക്കിയത്. 150 രൂപ വാക്‌സിന്റെ വിലയും 100 രൂപ കുത്തിവെപ്പിനുള്ള നിരക്കുമായിരുന്നു. എന്നാൽ വാക്‌സിനുപുറമെ കുത്തിവെപ്പിനുമാത്രം 250-300 രൂപ നിരക്കാണ് ആശുപത്രികൾ ഇപ്പോൾ ഈടാക്കുന്നത്.

670 രൂപ നിരക്കിലാണ് കോവീഷീൽഡ് ആശുപ്രതികൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാനിറ്റൈസർ, പിപിഇ കിറ്റ്, ബയോമെഡിക്കൽ മാലിന്യസംസ്‌കരണം തുടങ്ങിയവയ്ക്കായി 180 രൂപയോളം ചെലവുവരുമെന്നാണ് ആശുപ്രതികൾ പറയുന്നത്. 

Cost of Covid vaccines in India's private hospitals is the highest in world