കൊച്ചി: ഓൺലൈൻ മാംസ-മത്സ്യ വിതരണ കമ്പനിയായ ‘ഫ്രഷ് ടു ഹോമി’നു വേണ്ടി യു.എ.ഇ.യിൽ ടെക്‌നോളജി സെന്റർ സ്ഥാപിക്കാനുള്ള കരാർ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കോഡലാറ്റിസ്’ എന്ന സ്റ്റാർട്ട്അപ്പ് നേടി. ഈ കേന്ദ്രം സ്ഥാപിക്കുകയും ഉടമസ്ഥത വഹിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്ത്, കൈമാറുന്ന തരത്തിലാണ് (ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ) കരാർ.

നിർമിത ബുദ്ധി (എ.ഐ.) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ അണിനിരത്തുന്ന മികവിന്റെ കേന്ദ്രമായിട്ടായിരിക്കും യു. എ.ഇ. സെന്റർ വികസിപ്പിക്കുകയെന്ന് കോഡലാറ്റിസ് അറിയിച്ചു. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതു മുതൽ അവരെ പരിശീലിപ്പിക്കുകയും പ്രവർത്തന സജ്ജരാക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളൊക്കെ കോഡലാറ്റിസ് ആയിരിക്കും ചെയ്യുക.

ആദ്യഘട്ടത്തിൽ 20 പേരെയാണ് നിയമിക്കുക. പിന്നീട് ഇത് നൂറിലേറെയായി ഉയർത്തും. ഡെവലപ്പർമാർക്കും എൻജിനീയറിങ് ബിരുദധാരികൾക്കുമായിരിക്കും തൊഴിലവസരമുണ്ടാകുകയെന്ന് കോഡലാറ്റിസ് ചീഫ് ടെക്‌നോളജി ഓഫീസർ വികാസ് മോഹൻദാസ് പറഞ്ഞു. ഇടപാടിന്റെ ഭാഗമായി കമ്പനിയുടെ സി.ഇ.ഒ. ആയിരുന്ന വിജിത്ത് ശിവദാസൻ ഫ്രഷ് ടു ഹോമിന്റെ ഭാഗമായി. ഡയറക്ടർ ഓഫ് എൻജിനീയറിങ്ങായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. വിജിത്തും സുഹൃത്തുക്കളായ ആക്‌സൽ ബാലകൃഷ്ണനും നിപുൻ ബാലനും ചേർന്ന് 2009-ൽ തുടങ്ങിയ കോഡലാറ്റിസിന് ഇപ്പോൾ എട്ട് രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.