ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പൂച്ചെണ്ടും കിറ്റും നൽകിയതുകൊണ്ട് കാര്യമില്ല. അവർക്ക് ജീവിക്കാൻ എന്ത് മാർഗം എന്നാണ് ആലോചിക്കേണ്ടത്. അവരെ സഹായിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുക സഹകരണ മേഖലയ്ക്കാണ്.

ഐ.ടി. മേഖലയിലെ ജോലി വിട്ടുവരുന്ന 30 പേർ ഒത്തൊരുമിച്ചാൽ ഐ.ടി. സഹകരണ സംഘങ്ങൾ തുടങ്ങാം. തിരിച്ചുവരുന്ന 30 ഡ്രൈവർമാർ ചേർന്നാൽ യൂബർ പോലെയുള്ള ടാക്സി സർവീസ് നടത്താൻ കഴിയും. എൻജിനീയറിങ് രംഗത്തുള്ള ഓരോ ബ്രാഞ്ചിലെയും 30 ആളുകൾ കൂടിയാൽ എൻജിനീയറിങ് ഗ്രൂപ്പുകൾ തുടങ്ങാനാവും.

യന്ത്രവ്യവസായത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുണ്ട്. ഇപ്പോൾ ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി. എന്നിവിടങ്ങളിൽ ജോലിസാധ്യതയും കൂടുതലാണ്. മറ്റു സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപവത്കരിക്കുകയോ സിവിൽ എൻജിനീയറിങ് കൺസൾട്ടിങ് സർവീസ് തുടങ്ങുകയോ ചെയ്യാം. അങ്ങനെ തുടങ്ങുന്ന സഹകരണ സംഘങ്ങൾക്കേ കേരളത്തിൽ തൊഴിൽ സാധ്യത ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കൂ.

സ്വകാര്യ വ്യവസായങ്ങളെക്കാൾ സാധ്യത

കേരളത്തിലേക്ക് വ്യവസായികൾ കടന്നുവരുന്നത് ദുർലഭമായിരിക്കും. വന്നാൽത്തന്നെ എന്താണു സംഭവിക്കുകയെന്ന് നമ്മൾ കണ്ടതാണ്. പക്ഷേ, സഹകരണ മേഖലയിൽ ഒരുകൂട്ടത്തിന്റെ ആവശ്യം ആയതുകൊണ്ട് അവർ പറയുന്നതിന് വലിയ അംഗീകാരം കിട്ടും.

സഹകരണ മേഖലയിൽ തുടങ്ങുന്ന സൊസൈറ്റികൾക്ക് വായ്പ നൽകാൻ എൻ.സി.ഡി.സി. പോലുള്ള കേന്ദ്ര സഹകരണ ധനകാര്യ സ്ഥാപനങ്ങളോ പൊതുമേഖലാ ബാങ്കുകളോ തയ്യാറാകണം. അങ്ങനെ കേരളത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കാനാവും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിൽ ഇപ്പോൾത്തന്നെ ഏഴായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്.

ലാൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) യിൽ ഇത്തരം രണ്ടായിരത്തോളം തൊഴിലാളികളാണ്. അവർ തിരിച്ചുപോവുകയോ പോകാനുള്ള സമ്മർദത്തിലോ ആണ്. ഈ ഒഴിവുകളിൽ പതിനായിരക്കണക്കിന് ജോലി സാധ്യതയാണുള്ളത്. പക്ഷേ, ജോലിചെയ്യാൻ ആളുകൾ തയ്യാറാകണം. വിദേശങ്ങളിൽനിന്നു മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് ജോലി ഇല്ലാതെ മടങ്ങുന്നവർക്കും ഈ സാധ്യതകൾ ഉപയോഗിക്കാം.

തിരിഞ്ഞുനോക്കാതിരിക്കരുത്

മടങ്ങിവരുന്നവരെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണം. വരുന്നവർക്ക് സ്വാഗതമോതുകയും അതു കഴിഞ്ഞ് അവരെ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അരാജകത്വമുണ്ടാവുന്നത്. ഇവർ വന്നുകഴിഞ്ഞാൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് സർക്കാർ നിരീക്ഷിക്കണം.

നമുക്കു വേണ്ട എല്ലാ സാധനങ്ങളും ഉത്പാദിപ്പിക്കാൻ നമുക്ക് കഴിയണം. കൃഷി ചെയ്യണമെന്നു പറഞ്ഞാൽ പോരാ. കാലാവസ്ഥാ പ്രശ്നങ്ങൾകാരണം കൃഷിക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണം, ആര് നികത്തും, കാർഷികോത്പന്നങ്ങൾ ആര് വിപണിയിലെത്തിക്കും, ആരു വാങ്ങും, ആരു പ്രോത്സാഹിപ്പിക്കും - ഇതെല്ലാം സർക്കാർ പറയണം.

പൊതുമേഖലാ ബാങ്കുകൾ കേരളത്തിൽനിന്നു വാങ്ങുന്ന നിക്ഷേപത്തിൽ 80 ശതമാനം കേരളത്തിൽ തന്നെ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദം ചെലുത്തണം. നമ്മുടെ നിക്ഷേപം വാങ്ങുകയും മറ്റു സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുകയുമാണ് ഇപ്പോൾ ബാങ്കുകൾ ചെയ്യുന്നത്.

ഇതിന് പരിഹാരം കാണണം. ജനങ്ങളെ പരമാവധി സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കണം. അർബൻ ബാങ്കുകൾക്ക് വ്യവസായ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ റിസർവ് ബാങ്കിൽ സമ്മർദം ചെലുത്തുകയും വേണം.

ലാൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ചെയർമാനാണ് ലേഖകൻ