ആലപ്പുഴ: വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ.

ബാങ്കോക്കിൽ ഈവർഷം ജൂൺ ഒന്നിന് ആർ.എസ്.എസ്.-3 ഇനത്തിനു 165 രൂപ വരെ ഉയർന്നിരുന്നു. ചൊവ്വാഴ്ച ഇതു 133 രൂപയിലെത്തി. ചൈനയാണു ലോകത്തേറ്റവുമധികം റബ്ബർ വാങ്ങുന്നത്. രാജ്യാന്തരവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കേരളത്തിലും ബാധിക്കേണ്ടതാണ്.

ബാങ്കോക്കിലെ ആർ.എസ്.എസ്.-3 -നു തുല്യമായ നാട്ടിലെ ആർ.എസ്.എസ്.-4 -ന് 182 രൂപ വരെ ഉയർന്നശേഷം അല്പം താഴേക്കുപോയി 179 രൂപയിലെത്തി. എന്നാൽ, ഇതു റബ്ബർ സീസൺ തുടങ്ങുന്നതിനാലുള്ള ചെറിയ മാറ്റം മാത്രമാണെന്ന് അധികൃതർ പറയുന്നു.

മഴ മാറുന്നതോടെ പീക്ക് സീസണാകും. അപ്പോൾ കൂടുതൽ റബ്ബർ വിപണിയിലേക്കുവരുമെന്നതിനാൽ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളവർ വിറ്റുതുടങ്ങിയിട്ടുണ്ട്. ഇനിയും കൈവശംവെച്ചാൽ വില കുറഞ്ഞേക്കുമെന്ന ആശങ്കയിലാണിത്. ഇതാണു വില കുറച്ചുതാഴാൻ കാരണമായത്.

രാജ്യത്ത് ഇപ്പോഴും റബ്ബറിനു ഡിമാൻഡുണ്ട്. ടയർ ഇറക്കുമതിക്കു നിയന്ത്രണങ്ങൾവന്നതിനാൽ ടയർ വ്യവസായികൾ റബ്ബർ വാങ്ങുന്നുണ്ട്. വില അവർ താഴ്ത്തിയെങ്കിലും ആ വിലയ്ക്കു വിൽക്കാൻ കൈവശം വെച്ചവർ തയ്യാറാകുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞെങ്കിലും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഇപ്പോൾ വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. ഗതാഗത-കൈകാര്യച്ചെലവുകൾ വർധിച്ചതാണു കാരണം. കഴിഞ്ഞമാസം ഇറക്കുമതി 40,000 ടൺ മാത്രമാണ്. ആവശ്യമനുസരിച്ച് ഇതിലും കൂടുതൽ വരേണ്ടതാണ്.