ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടെങ്കില്‍ അക്കാര്യം ബാലന്‍സ് ഷീറ്റില്‍ കാണിക്കണമെന്ന് കോര്‍പറേറ്റ് മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. 

ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍നിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ എണ്ണം, വ്യക്തികളില്‍നിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്. 

ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂള്‍ മൂന്നിലെ ഭേദഗതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് അറിയിപ്പ്.

ക്രിപ്‌റ്റോകറന്‍സികളില്‍നിന്ന് ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. 

Centre asks companies to disclose cryptocurrency investments