മട്ടാഞ്ചേരി: സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ പ്രധാന ബ്രാൻഡുകൾക്ക് 60 മുതൽ 70 രൂപ വരെയാണ് കൂടിയത്. രണ്ടാഴ്ച മുമ്പുവരെ ബാഗിന് 350 രൂപയായിരുന്നു പ്രധാന കമ്പനികളുടെ സിമന്റിന് വില.

ഇപ്പോൾ അത് 400 മുതൽ 420 രൂപ വരെയായി. ഏതാണ്ട് 20 ശതമാനം വരെയുള്ള വർധനയാണ് ഒറ്റയടിക്കുണ്ടായത്. ജി.എസ്.ടി. നിലവിൽ വരുമ്പോൾ സിമന്റ് വില കൂടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അങ്ങനെയുണ്ടായില്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി വില കുറയുകയാണുണ്ടായത്.

മഴ തുടങ്ങിയ ശേഷമാണ് കേരളത്തിൽ വില കുത്തനെ ഉയർന്നത്. വൻകിട കമ്പനികളുടെ സിമന്റിനാണ് വില കൂടിയത്. ഇതിനിടയിൽ, ആവശ്യത്തിന് സിമന്റ് വിതരണം ചെയ്യാതെ കമ്പനികൾ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്ന പരാതിയുമായി സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. ഒരു കാരണവുമില്ലാതെ സിമന്റ് വില കുത്തനെ ഉയർത്തുന്നതിനാൽ ഡീലർമാർ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. "

ബില്ല് ചെയ്യുന്ന സോഫ്റ്റ്‌വേർ പ്രവർത്തിക്കുന്നില്ലെന്നും മറ്റുമുള്ള നിസ്സാര കാര്യങ്ങൾ പറഞ്ഞ് പല കമ്പനികളും സിമന്റ് എത്തിക്കാൻ കൂട്ടാക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. പല കമ്പനികളും െഡസ്‌പാച്ച് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണത്രെ. ഇത്തരം കമ്പനികൾക്കെതിരേ ശക്തമായ രീതിയിൽ പ്രതികരിക്കാനാണ് നീക്കമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു.

മഴ തുടങ്ങി, നിർമാണ പ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലത്താണ് സിമന്റ് വില ഉയർന്നത്. സിമന്റ് വില ഒറ്റയടിക്ക് 20 ശതമാനം വരെ ഉയർന്നത് സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പല പദ്ധതികളിലായി സാധാരണക്കാർക്കായി ധാരാളം വീടുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സബ്‌സിഡിയോടെയാണ് ഇത്തരം വീടുകൾ നിർമിക്കുന്നത്. കുറഞ്ഞ ബജറ്റിലാണ് ഈ വീടുകൾ ഒരുക്കുന്നത്. സിമന്റിന് വലിയ രീതിയിൽ വില കൂടുന്നത് ഇത്തരം പദ്ധതികളുടെ താളം തെറ്റിക്കും. പതിനായിരങ്ങൾ തൊഴിലെടുക്കുന്ന കെട്ടിട നിർമാണ രംഗത്തെയും ഈ വിലവർധന തളർത്തും. നിർമാണ മേഖലയിലെ സ്തംഭനം, കേരളത്തിന്‌ കനത്ത തിരിച്ചടിയാകും.

കർണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചില കമ്പനികളുടെ സിമന്റ് കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തുന്നുണ്ട്. അവയ്ക്ക് വില കൂടിയിട്ടില്ല. എന്നാൽ, വൻകിട കമ്പനികളുടെ സിമന്റിനാണ് ഡിമാന്റ് കൂടുതൽ. വൻകിട കമ്പനികളുടെ ഇത്തരം നടപടികൾക്കെതിരേ ശക്തമായി പ്രതികരിക്കണമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ഡീലർമാർക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഡീലർമാരുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

സർക്കാർ ഇടപെടണം-ക്രെഡായി

കൊച്ചി: സിമന്റ് വിലവർധന മൂലം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നതായി ക്രെഡായി. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെയാണ് കമ്പനികൾ സിമന്റ് വില വർധിപ്പിച്ചതെന്ന് ക്രെഡായി പറഞ്ഞു.

കമ്പനികളുടെ വാർഷിക കണക്കുകളിൽ ലാഭം കുമിഞ്ഞുകൂടുകയും ഓഹരി വിപണിയിൽ ഉയർന്ന വില രേഖപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളാണ് ഇത്തരത്തിൽ സിമന്റ് വില വർധിപ്പിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ക്രെഡായി ആവശ്യപ്പെട്ടു.