ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17ശതമാനത്തിൽനിന്ന് 28ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. 

2021 ജൂലായ് ഒന്നുമുതലാണ് പുതുക്കിയ ഡിഎ ബാധകമാകുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽകാര്യമായ വർധനവുണ്ടാകും. 50 ലക്ഷം ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും വർധനവിന്റെ ഗുണം ലഭിക്കും.

കോവിഡ് വ്യാപനത്തെതുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞവർഷമാണ് സർക്കാർ മരവിപ്പിച്ചത്. 

മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നാലുശതമാനവുമാണ് നൽകാനുണ്ടായിരുന്നത്. 

മരവിപ്പിച്ച കാലത്തെ ഡിഎ കുടിശ്ശിക ലഭിക്കില്ല. 2021 ജൂൺ 30വെയുള്ള ഡിഎ 17ശതമാനമായിതന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.