തൃശ്ശൂർ: വാർത്താവിനിമയ രംഗത്ത് ബി.എസ്.എൻ.എലിന് ഉണ്ടായിരുന്ന പ്രതാപം അതിവേഗ ഇന്റർനെറ്റ് വഴി തിരിച്ചുപിടിച്ചു. ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള കണക്ഷൻ നൽകുന്ന പദ്ധതിയായ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) ആണ് ഇതിന് തുണയായത്.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുപ്രകാരം ഒറ്റ മാസം കൊണ്ട് 11.29 ലക്ഷം കണക്ഷനുകളുടെ വർധനയാണ് ബി.എസ്.എൻ.എലിന്. കഴിഞ്ഞ മേയിലെ വർധനയാണിത്. ലാൻഡ്‌ലൈനിൽ പരമ്പരാഗതമായി നൽകിവന്നിരുന്ന ഫോൺ കണക്ഷനുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും ഗണ്യമായി കുറഞ്ഞുവന്നിരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഏപ്രിലിൽ 1.02 ലക്ഷം ലാൻഡ് ലൈനുകളാണ് രാജ്യത്താകെ ബി.എസ്.എൻ.എലിന് നഷ്ടപ്പെട്ടത്.

മേയിലെ കണക്ക് പ്രകാരം കമ്പനിക്ക് രാജ്യത്ത് 76.75 ലക്ഷം കണക്ഷനുകളുണ്ട്. ഏപ്രിലിൽ ഇത് 65.46 ലക്ഷമായിരുന്നു. സ്വകാര്യ കമ്പനികളിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്കാണ് വർധന ഉണ്ടാക്കാനായത്. ജിയോയ്ക്ക് 1.77 ലക്ഷവും എയർടെല്ലിന് 4013-ഉം കണക്ഷനുകൾ ഏപ്രിൽ മാസത്തെക്കാൾ മേയിൽ വർധിച്ചു.

രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന 10 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ബി.എസ്.എൻ.എലിന് സഹായകരമായത്. വർക്ക് ഫ്രം ഹോം, സ്കൂൾ/ കോളേജ് ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് വേണ്ടിയാണ് എഫ്.ടി.ടി.എച്ച്. കണക്ഷനുകൾ കൂടുതലായി ഉപയോഗിക്കുന്നത്.

ബി.എസ്.എൻ.എലിന്റെ ശക്തമായ കോർ നെറ്റ് വർക്കാണ് എഫ്.ടി.ടി.എച്ചിന്റെ നട്ടെല്ല്. ഡൗൺലോഡ് സ്പീഡും അപ്‌ലോഡ് സ്പീഡും ഒരേപോലെയായതാണ് ഇതിന്റെ മേൻമ. സാധാരണ ബ്രോഡ്ബാൻഡിൽ ഡൗൺലോഡിങ് സ്പീഡാണ് കൂടുതൽ. എന്നാൽ, ഓൺലൈൻ ക്ലാസുകൾക്കും വർക്ക്‌ ഫ്രം ഹോമിനും അപ് ലോഡിങ് സ്പീഡും അവശ്യഘടകമാണ്.