മുംബൈ: ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ 'ബിറ്റ്കോയിനി'ന്റെ വിപണിവില വാരാന്ത്യത്തില്‍ 7,000 ഡോളറിനു താഴേയ്ക്ക് പതിച്ചു. അതായത്, ഏതാണ്ട് 4.50 ലക്ഷം രൂപയിലേക്കാണ് വില ഇടിഞ്ഞത്. ഒരവസരത്തില്‍ 6,600 ഡോളര്‍ വരെയെത്തി. 2017 ഡിസംബറില്‍ 12,000 ഡോളറിനടുത്തായിരുന്നു ബിറ്റ്‌കോയിനിന്റെ വില. ആ നിലയില്‍ നിന്നാണ് ഇപ്പോഴത്തെ ഇടിവ്.

ഇഥേറിയം, റിപ്പിള്‍, ബിറ്റ്കോയിന്‍ കാഷ് എന്നിവ അടക്കം മിക്ക ക്രിപ്റ്റോ കറന്‍സികളുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 13 ശതമാനം വരെയാണ് വിലയിടിഞ്ഞത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരേ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിലയിടിവിന് കാരണം. ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നിവ ക്രിപ്റ്റോ കറന്‍സിയുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. റെഡ്ഡിറ്റ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും ക്രിപ്റ്റോ കറന്‍സികള്‍ സ്വീകരിക്കുന്നില്ല.

ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ്കോയിന്‍. കണക്കിന്റെയും എന്‍ജിനീയറിങ്ങിന്റെയും സഹായത്തോടെയുള്ള ഗൂഢാക്ഷര ലേഖനവിദ്യ ഉപയോഗിച്ചാണ് ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനാലാണ് ഇവയെ ക്രിപ്റ്റോ കറന്‍സിയെന്നു പറയുന്നത്.