ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ 'ബിറ്റ്കോയിന്‍' പുതുവര്‍ഷത്തിലും റെക്കോഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു. ബിറ്റ്കോയിന്‍ വില ഞായറാഴ്ച ചരിത്രത്തില്‍ ആദ്യമായി 34,800 ഡോളറിലെത്തി. അതായത് 25.5 ലക്ഷം രൂപ. തിങ്കളാഴ്ച 33,176 ഡോളറിലേയ്ക്ക് മൂല്യംതാഴുകയുംചെയ്തു. 

20,000 ഡോളറായിരുന്ന ബിറ്റ്‌കോയിന്റെ മൂല്യം മൂന്നാഴ്ചകൊണ്ടാണ് 34,800 ഡോളര്‍ നിലവാരത്തിലേയ്ക്ക് കുതിച്ചത്. മാര്‍ച്ചുമുതലുള്ളനേട്ടം 800ശതമാനമാണ്. 

കോവിഡ് വ്യപനവും പ്രമുഖ കറന്‍സികളുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പവുമാണ് ഡിജിറ്റല്‍ കറന്‍സികളുടെ വില കുതിച്ചുയരാന്‍ കാരണം.  റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ ലോകത്തിലെ കേന്ദ്ര ബാങ്കുകളോ ഭരണകൂടങ്ങളോ ഇത്തരം ഡിജിറ്റല്‍ കറന്‍സികളെ അംഗീകരിക്കുന്നില്ല. 

ഇതേത്തുടര്‍ന്ന് ഇടക്കാലത്ത് ഇതിന്റെ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു. വൈകാതെ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരില്‍ വീണ്ടും താല്‍പര്യംജനിപ്പിച്ചിരിക്കുന്നത്.