ടെസ് ല സിഇഒ ഇലോൺ മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്‌കോയിന്റെ തകർച്ച തുടരുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബുധനാഴ്ച 11.30ന് ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 

2021 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയും മൂല്യതകർച്ചയുണ്ടാകുന്നത്. കഴിഞ്ഞമാസം 64,895 ഡോളർവരെ മൂല്യമുയർന്നിരുന്നു. ബിറ്റ്‌കോയിനെ വാനോളം പുകഴ്ത്തിയ മസ്‌ക് നയം വ്യക്തമാക്കിയതോടെയാണ് തകർച്ചതുടങ്ങിയത്. 

സങ്കീർണമായ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്‌കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടുകൂടി പുറത്തുവന്നതോടെ ബിറ്റ്‌കോയിൻ സമ്മർദത്തിലായി.  

ചൈനയുടെ വിലക്ക്
ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതാണ് ഏറ്റവുംപുതിയ വാർത്ത. ക്രിപ്‌റ്റോകറൻസികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകുയും ചെയ്തിട്ടുണ്ട്. അതിവേഗത്തിൽ വളരുന്ന ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്. 

ധനകാര്യസ്ഥാപനങ്ങളും ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ, ട്രേഡിങ്, ക്ലിയറിങ്, സെറ്റിൽമെന്റ് ഉൾപ്പടെ ഒരുസേവനവും നൽകരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷൻ, പെയ്‌മെന്റ് ആൻഡ് ക്ലിയറിങ് അസോസിയേഷൻ ഓഫ് ചൈന എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു.