ചൈനീസ് സർക്കാരിന്റെ നിയന്ത്രണംകൂടിവന്നതോടെ 30,000 ഡോളറിന് താഴേയ്ക്കുപതിച്ച ബിറ്റ്‌കോയിന്റെ മൂല്യം ബുധനാഴ്ച നേരിയതോതിൽ ഉയർന്നു. 3.44ശതമാനം നേട്ടത്തിൽ 33,833.81 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്. 

ഇതിനുമുമ്പ് ജനുവരിയിലാണ് 29,000 നിലവാരത്തിലേയ്ക്ക് ബിറ്റ്‌കോയിന്റെ വിലയിടിഞ്ഞത്. 2020നുശേഷം മൂല്യത്തിൽ നാലിരട്ടിയിലേറെ വർധനവുണ്ടായശേഷമാണ് ഈ തകർച്ച. ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 65,000 ഡോളറിലേയ്ക്ക് മൂല്യംവർധിച്ചിരുന്നു.

ഖനനത്തിന് വൻതോതിൽ ഊർജം ഉപയോഗിക്കുന്നുണ്ടെന്നകാരണത്താൽ ഇലോൺ മസ്‌ക് ബിറ്റ്‌കോയിൻ നിക്ഷേപത്തിൽനിന്ന് പിന്മാറിയതാണ് അദ്യ തിരിച്ചടി. ഇതാ ഇപ്പോൾ ചൈനയും. 

ക്രിപ്‌റ്റോകറൻസി ഇടപാടുകൾ നടത്തരുതെന്ന് വ്യാപാരസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ചൈന നിർദേശം നൽകിതാണ് ചൊവാഴ്ച ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻതകർച്ചയുണ്ടാക്കിയത്.