ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 15,000 ഡോളര്‍ കടന്നു.

ചിക്കാഗോ ആസ്ഥാനമായ ചിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിന്‍ ഫ്യൂച്ചേഴ്‌സ് അവതരിപ്പിക്കാനിരിക്കെയാണ് മൂല്യം ഇത്രയും കുതിച്ചത്. 

24 മണിക്കൂറിനുള്ളില്‍ കോയിന്റെ മൂല്യം 15,340 ഡോളറായാണ് കുതിച്ചത്. അതേസമയം, 12,662.86ആയിരുന്നു ഈ സമയത്തെ താഴ്ന്ന മൂല്യം.

2017 തുടക്കം മുതലാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം കുതിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെ 1400 ശതമാനമാണ് നേട്ടം. ജനവരിയിലെ 1000 ഡോളറില്‍നിന്നാണ് ഈ കുതിപ്പ്. 

ബിറ്റ്‌കോയിന്റെ കുതിപ്പുകണ്ട് എടുത്തുചാടുംമുമ്പ് നിക്ഷേപകര്‍ അതിന്റെ സാങ്കേതികതയും വിനിമയ സാധ്യതയും മറ്റും വിശദമായി പഠിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചെറുകിട നിക്ഷേപകര്‍ മൊത്തം സമ്പാദ്യത്തിന്റെ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനംവരെമാത്രമെ ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാവൂയെന്നും ഇവര്‍ ഉപദേശിക്കുന്നു. അതിസമ്പന്നര്‍ക്ക് ആസ്തിയുടെ പരമാവധി അഞ്ച് മുതല്‍ 10 ശതമാനംവരെയും നിക്ഷേപമാകാം.

അതീവ നഷ്ടസാധ്യതയുള്ളതാണ് ഡിജിറ്റല്‍ കറന്‍സികളിലെ നിക്ഷേപമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകമെമ്പാടും ക്രയവിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്‍.

ബിറ്റ്‌കോയിന്‍ എന്നാല്‍
ക്രിപ്‌റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അനേകം കറന്‍സികളില്‍ ഒന്നുമാത്രമാണ് ബിറ്റ്‌കോയിന്‍. ഇത് സാധാരണ പണംപോലെ കൈയില്‍ പിടിക്കാനോ പേഴ്‌സില്‍ വെക്കാനോ കഴിയുന്ന ഒന്നല്ല. ഈ കോയിന്‍ നിര്‍മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റലാണ്.

വലിയ പ്രോസസിങ് ശേഷിയുള്ള കംപ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ഒരു ബിറ്റ്‌കോയിന്‍ ഡിസൈന്‍ ചെയ്യുന്നത്. ബിറ്റ്‌കോയിനുകള്‍ ഡിജിറ്റല്‍ലോകത്തെ പണവിനിമയത്തിനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.

ക്രമേണ മറ്റുമേഖലകളിലും മൂല്യമുണ്ടായതോടെയാണ് ബിറ്റ്‌കോയിന്‍ ഒരു നിക്ഷേപമാര്‍ഗമായത്. റഷ്യയില്‍ ഇത്തരം കോയിനുകള്‍ നിര്‍മിക്കാന്‍ (മൈനിങ് ചെയ്യുകയെന്ന് ബിറ്റ്‌കോയിന്‍ ആരാധകര്‍ പറയും) ഒരുപാട് കംപ്യൂട്ടറുകള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാമുകള്‍ തന്നെയുണ്ട്. ജപ്പാന്‍കാരനായ സതോഷി നകാമോട്ടോയാണ് ബിറ്റ്‌കോയിനിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ലെന്നും ഒരുകൂട്ടം ആളുകളാണെന്നും അഭിപ്രായമുണ്ട്.