സിയാറ്റൽ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്ന കാര്യം സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. “ഒരുപാട് ആലോചനകൾക്കുശേഷമെടുത്ത തീരുമാനമാണ്. ദമ്പതികളെന്നനിലയിൽ ഒരുമിച്ചുപോകാൻ കഴിയാത്തതിനാലാണ് പിരിയുന്നത്” -ഇരുവരും തിങ്കളാഴ്ച സംയുക്തമായി ട്വീറ്റ് ചെയ്തു.

സന്നദ്ധ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഇവരുടെ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കാര്യങ്ങളിൽ ഒരുമിച്ചുതന്നെ പ്രവർത്തിക്കുമെന്ന് ഇരുവരും അറിയിച്ചു. ഇരുവർക്കുമായുള്ള ആസ്തി എങ്ങനെ പങ്കിടുമെന്ന്‌ തീരുമാനമായതായും അവർ അറിയിച്ചു.

65 വയസ്സുകാരൻ ബിൽ ഗേറ്റ്സിനും 56 വയസ്സുകാരി മെലിൻഡയ്ക്കുമായി 12,400 കോടി ഡോളറിന്റെ (ഏകദേശം 9.1 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. പോൾ അലനുമൊത്ത് 1975-ലാണ് ബിൽ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1987-ൽ പ്രൊഡക്ട് ഡിസൈനറായി മൈക്രോസോഫ്റ്റിലെത്തിയ മെലിൻഡയും ബില്ലും 1994-ൽ വിവാഹിതരായി. ഇവർക്ക് മൂന്ന് മക്കളാണ്. ദിവസം 16 മണിക്കൂർ ജോലി ചെയ്യുന്ന ബില്ലിന് കുടുംബത്തിനുനൽകാൻ സമയമില്ലായെന്നും ജീവിതം ദുഷ്കരമാണെന്നും 2019-ൽ ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ മെലിൻഡ വ്യക്തമാക്കിയിരുന്നു.

പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, വൈദ്യസഹായം എന്നീ മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. ലോകത്തെ ധനികരിൽ നാലാമതാണ് ബിൽ ഗേറ്റ്‌സ്.

Bill and Melinda Gates divorce after 27 years of marriage