രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയർടെൽ അവകാശ ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കും.  

535 രൂപ നിരക്കിൽ 1ഃ14 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഭാരതി എയർടെലിന്റെ 14 ഓഹരികൾ ഉള്ളവർക്ക് ഒരു ഓഹരി വാങ്ങാൻ അനുമതി ലഭിക്കും. 25 ശതമാനം തുകയാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്. ബാക്കിയുള്ളതുക രണ്ടോ മൂന്നോ ഘട്ടങ്ങളായി 36 മാസത്തിനുള്ളിലായിരിക്കും സ്വീകരിക്കുക. സ്ഥാപക ചെയർമാൻ സുനിൽ മിത്തലും മറ്റ് ഉന്നതരും ഓഹരി വാങ്ങും. 

എജിആർ കുടിശ്ശിക അടക്കുക, നെറ്റ് വർക്ക് വിപുലൂകരിക്കുക, 5 ജി സേവനം ആരംഭിക്കുക എന്നിവക്കായിരിക്കും സമാഹരിക്കുന്ന പണം വിനിയോഗിക്കുക. റിലയൻസ് ജിയോയുമായി മത്സരിക്കാൻ പുതിയ നീക്കങ്ങൾ അനിവാര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതേസമയം, അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല. 

അവകാശ ഓഹരി വില്പന തീരുമാനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില 609 നിലവാരത്തിലെത്തി. നിലവിൽ കമ്പനിയിലെ പ്രൊമോട്ടർമാർക്ക് 55.86ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 

അവകാശ ഓഹരി

ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു).

ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍കൂടി, നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ്.

ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തില്‍ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാര്‍ക്കറ്റ് വിലയായ 100 രൂപയില്‍ നിന്നും 20 രൂപ താഴ്ത്തിയാണ് നല്‍കപ്പെടുന്നത്. അതിനാല്‍ ഇതും ഓഹരിയുടമകള്‍ക്ക് ലഭിക്കുന്ന മെച്ചം തന്നെ.